മോദി കണ്ണീരൊപ്പുമെന്ന് കരുതിയവർക്ക് തെറ്റി; മഹാരാഷ്ട്രയ്ക്ക് നല്‍കിയതിന്റെ പത്തിലൊന്ന് പോലും കേരളത്തിനില്ല; യുഡിഎഫ് പ്രക്ഷോഭത്തിന് പിന്നില്‍…
ഈ വര്‍ഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു വയനാട് ദുരന്തം. 420 പേരുടെ ജീവനാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പൊലിഞ്ഞത്. നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. നാനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു, 100 ഓളം കുടുംബങ്ങള്‍ ഭവനരഹിതരുമായി.
പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തിയപ്പോള്‍ ദുരന്തത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രാധാന്യവും വ്യക്തമായിരുന്നു. മണിക്കൂറുകള്‍ ആണ് മോദി വയനാട് സന്ദര്‍ശനത്തിനായി ചിലവിട്ടത്. ദുരന്തത്തിനിരയായ കുടുംബത്തിലെ കുട്ടികളെ മോദി എടുത്തുകൊണ്ട് സംസാരിച്ചപ്പോള്‍ അതെല്ലാം കേരളത്തിനുള്ള സാന്ത്വനം ആയി കേരളം കണ്ടു. അതിനുശേഷം മീറ്റിങ്ങിലും അദ്ദേഹം സംബന്ധിച്ചു. എന്നിട്ടും കേരളത്തിനുള്ള സഹായം കടലാസിലൊതുങ്ങി.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര സഹായം വയനാട്ടില്‍ ലഭ്യമാകില്ലെന്ന സൂചന ലഭിച്ചതോടെയാണ് വയനാട്ടില്‍ പ്രക്ഷോഭത്തിന് യുഡിഎഫ് ഇറങ്ങിയത്. 19ന് വയനാട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാണ് പ്രക്ഷോഭത്തിന് തുടക്കമിടുന്നത്. കേരളത്തിനോടുള്ള കേന്ദ്ര അവഗണന വ്യക്തമാക്കുന്നതാണ് കേന്ദ്രം അനുവദിച്ച പ്രളയസഹായ കണക്കുകള്‍.
14 പ്രളയബാധിത സംസ്ഥാനങ്ങള്‍ക്കായി 5858 കോടിയാണ് കേന്ദ്രം നല്‍കിയത്. ഒക്ടോബര്‍ ആദ്യവാരമാണ് കേന്ദ്രം സഹായധനം നല്‍കിയത്. മഹാരാഷ്‌ട്രയ്‌ക്ക് 1492 കോടി, ആന്ധ്രപ്രദേശിന് 1036 കോടി, അസമിന് 716 കോടി, ബിഹാറിന് 655.60 കോടി, ഗുജറാത്തിന് 600 കോടി, പശ്ചിമബംഗാള്‍ 468 കോടി, ഹിമാചൽ പ്രദേശിന് 189.20 കോടി, കേരളത്തിന് 145.60 കോടി, മണിപ്പൂരിന് 50 കോടി, മിസോറമിന് 21.60 കോടി, നാഗാലാൻഡിന് 19.20 കോടി, സിക്കിമിന് 23.60 കോടി, തെലങ്കാനയ്‌ക്ക് 416.80 കോടി, ത്രിപുരയ്‌ക്ക് 25 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
മഹാരാഷ്ട്രയ്ക്ക് അനുവദിച്ച തുകയുടെ പത്തിലൊന്ന് പോലും കേരളത്തിന് ലഭിച്ചില്ല. കേരളത്തിനോടുള്ള അവഗണനയുടെ സാക്ഷ്യപത്രമാണ് ഈ കണക്ക്. ബജറ്റിലെ കണക്കുകളും ഇതിന് അടിവരയിടുന്നു. കേന്ദ്ര ബജറ്റ് വിഹിതം ബീഹാറിന് അനുവദിച്ചത് 11500 കോടിയാണ്. ആന്ധ്രപ്രദേശിന് അടിയന്തിര സഹായമായി അനുവദിച്ചത് 3448 കോടി രൂപയും. 2000 കോടിയാണ് വയനാട് ദുരന്തബാധിത സഹായമായി കേരളം ആവശ്യപ്പെട്ടത്. ഒരു സഹായവും അനുവദിച്ചില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here