വയനാട് ദുരന്തത്തിലെ തിരച്ചില്‍ തുടരുമോ; ഇന്ന് അന്തിമ തീരുമാനം

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ല്‍ ദുരന്തത്തില്‍ കാ​ണാ​താ​യ​വ​ർ​ക്കാ​യി ഇനി തിരച്ചില്‍ നടത്തണോ എന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈയിലും ​പുഞ്ചി​രി​മ​റ്റ​ത്തും ചൂ​ര​ൽ​മ​ല​യി​ലും ഇപ്പോഴും തിരച്ചിലുണ്ട്. ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ നിരന്തരമായ അന്വേഷണമാണ് നടക്കുന്നത്. ചാലിയാറില്‍ നിന്നും ശരീരഭാഗങ്ങള്‍ അല്ലാതെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളുടെ പ്രതികരണം കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കും.

ദുരന്തത്തിൽ ഇതുവരെ 231 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 178 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. തിരിച്ചറിയാത്തവ സംസ്കരിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പുകള്‍ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങും. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.

നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 10 സ്കൂളുകളാണ് ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്കായി ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു. കൂടുതൽ ഡിഎൻഎ സാമ്പിളുകളുടെ ഫലവും കിട്ടിത്തുടങ്ങി. ബന്ധുക്കളുടെ സാമ്പിളുമായുള്ള ഒത്തുനോക്കൽ അവസാന ഘട്ടത്തിലാണ്.

ദുരന്തത്തില്‍ 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. 1,555 വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാര്‍ വിശദീകരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top