കേന്ദ്ര അവഗണനയില്‍ വയനാട് എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം; വാഹനങ്ങള്‍ തടയുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഹര്‍ത്താല്‍. എല്‍ഡിഎഫും യുഡിഎഫുമാണ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുന്നത്. ജില്ല പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്. പ്രതിഷേധക്കാര്‍ വവിധ ഇടങ്ങളില്‍ വാഹനങ്ങള്‍ തടയുകയാണ്. ഇതോടെ ഹര്‍ത്താല്‍ അറിയാതെ എത്തിയ നിരവധി യാത്രക്കാരാണ് അതിര്‍ത്തികളില്‍ കുടുങ്ങിയത്. വയനാട് ചുരത്തിലും കര്‍ണാടകയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. പൊലീസെത്തി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്.

വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവരും ഹര്‍ത്താലുമായി സഹകരിക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, ശബരിമല തീര്‍ഥാടകര്‍, ആശുപത്രി, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വയനാട് ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. യുഡിഎഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെയാണ് എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതോടെയാണ് പ്രത്യക്ഷ പ്രതിഷേധങ്ങള്‍ തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top