പ്രിയങ്കക്ക് എതിരെ ആരെ മത്സരിപ്പിക്കും; വയനാട് സിപിഐയെ പൊള്ളിക്കുന്നു

വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സിപിഐക്ക് കുരുക്കായി മാറുന്നു. വയനാട് ആരെ മത്സരിപ്പിക്കും എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ ചോദ്യം. റായ്ബറേലി സീറ്റില്‍ ജയിച്ചതോടെ വയനാട് സീറ്റ് രാഹുല്‍ ഒഴിഞ്ഞതോടെയാണ് സിപിഐ വെട്ടിലായത്. രാഹുലിനെതിരെ ദേശീയ നേതാവ് ആനി രാജയെയാണ് സിപിഐ മത്സരിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കെ ആനി രാജയെ മത്സരിപ്പിച്ചതില്‍ സിപിഐക്ക് എതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിച്ചത് എന്ന് ആനി രാജ വെട്ടിത്തുറന്ന് പറഞ്ഞതാണ് സിപിഐ കേരള ഘടകത്തിനു ക്ഷീണമായത്.

പ്രിയങ്കയാണ് യുഡിഎഎഫ് സ്ഥാനാര്‍ത്ഥിയായി വയനാട്ടില്‍ മത്സരിക്കാന്‍ പോകുന്നത്. പ്രിയങ്കയ്ക്ക് എതിരെ ദേശീയ നേതാക്കളെ നിയോഗിച്ചാല്‍ അത് ഇന്ത്യാ സഖ്യത്തെ ദോഷകരമായി ബാധിക്കും. ദുര്‍ബലരായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സൗഹൃദ മത്സരം എന്ന ആരോപണം ഉയരുകയും പാര്‍ട്ടി പ്രതിരോധത്തിലാവുകയും ചെയ്യും.

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് രാഹുല്‍ 6.47 ലക്ഷം വോട്ട് നേടിയപ്പോള്‍ ആനി രാജ 2.83 ലക്ഷം വോട്ടാണ് നേടിയത്. വലിയ പരാജയമാണ് രാഹുലിന് മുന്നില്‍ ആനി രാജക്ക് വന്നത്. രാഹുലിന് എതിരെ മത്സരിച്ച സിപിഐ കേരളത്തിനു പുറത്ത് രാഹുലിനും ഇന്ത്യാ സഖ്യത്തിനും വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. സിപിഐ ദേശീയ നിര്‍വാഹക സമിതിയില്‍ ശക്തമായ എതിര്‍പ്പാണ് വയനാട് സീറ്റിനെ ചൊല്ലി ഉയര്‍ന്നത്. ആനി രാജയെ വയനാട് സ്ഥാനാര്‍ത്ഥി ആക്കിയത് ദേശീയ തലത്തില്‍ ദോഷമായി എന്ന വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ദേശീയ നേതൃത്വം പ്രതിക്കൂട്ടിലാവുകയും ചെയ്തു. അതുകൊണ്ട് തന്നെ വയനാട് സീറ്റ് സിപിഐ പൊള്ളിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top