മാവോയിസ്റ്റ് നീക്കം പൊളിഞ്ഞത് വിവരങ്ങള്‍ പോലീസ് ആദ്യമേ ചോര്‍ത്തിയതിനാല്‍; താവളം മാറ്റാന്‍ മാവോയിസ്റ്റുകളും

കൽപറ്റ: ചപ്പാരം ഊരിലെത്തിയ മാവോയിസ്റ്റുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത് കൊയിലാണ്ടിയിൽ പിടിയിലായ അനീഷ് ബാബുവില്‍ നിന്നാണെന്ന് സൂചന. മാവോയിസ്റ്റ് ‘കുറിയർ’ സംഘാംഗമായ ഇയാള്‍ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മാവോയിസ്റ്റുകൾക്കിടയിലെ ആശയവിനിമയം ഏകോപിക്കുന്നതിൽ പ്രധാനിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ചപ്പാരം ഊരിലെത്തി മാവോയിസ്റ്റുകൾ സാധനങ്ങൾ വാങ്ങാൻ 3000 രൂപ നൽകിയ വിവരം പൊലീസ് അറിഞ്ഞിരുന്നു. ഇതിന് പുറമേ ഇവരുടെ അംഗബലം, ആയുധശേഖരം എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം പൊലീസിനു ലഭിച്ചിരുന്നു. അതുകൊണ്ടാണ് നാലംഗസംഘത്തിലെ രണ്ടുപേരെ അരമണിക്കൂറിനുള്ളില്‍ കീഴ്പ്പെടുത്താന്‍ പോലീസിന് കഴിഞ്ഞത്.

പൊലീസ് നടപടി ശക്തമാക്കിയതോടെ മാവോയിസ്റ്റുകൾ പ്രവർത്തനകേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. കബനീദളം കമാൻഡറായ സി.പി. ജലീൽ, വേൽമുരുകൻ തുടങ്ങിയ നേതാക്കൾ വയനാട്ടിൽ കൊല്ലപ്പെടുകയും ബാണാസുര ദളം കമാന്‍ഡര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലാകുകയും ചെയ്തതോടെയാണ് മാവോയിസ്റ്റ് സംഘടനാ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായത്. നേരത്തെ, മാവോയിസ്റ്റ് ഗറില സേനയുടെ കേരള തലവൻ ബി.ജി. കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ലതീഷ് എന്നയാള്‍ കീഴടങ്ങുകയും ചെയ്തു. അവശേഷിച്ച 18 സജീവാംഗങ്ങളിൽ 2 പേരാണ് ഇന്നലെ പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top