അടിയന്തര പ്രമേയത്തില്‍ ഇന്നും ചര്‍ച്ച; വിഷയം വയനാട് പുനരധിവാസം
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് ഇന്നും അനുമതി. വയനാട് പുനരധിവാസം സംബന്ധിച്ചാണ് ഇന്ന് പ്രതിപക്ഷം റൂള്‍ 50 പ്രകാരം നോട്ടീസ് നല്‍കിയത്. വയനാട് ദുരന്തമേഖലയില്‍ പുനരധിവാസം വേഗത്തിലാക്കുന്നതിന് കേന്ദ്രസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്ത് നിന്നും ടി സിദ്ധിഖ് നോട്ടീസ് നല്‍കിയത്.
ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രസ്താവന നടത്തിയ വിഷയത്തില്‍ അടിയന്തര പ്രമേയം അനുവദിച്ച കീഴ്‌വഴക്കമില്ലെന്ന് പാര്‍ലമെന്റിറികാര്യ മന്ത്രി എംബി രാജേഷ് സഭയെ അറിയിച്ചു. ചട്ടം 300ല്‍ ഒരു ചര്‍ച്ച പോലും നടക്കില്ല. എന്നാല്‍ അടിയന്തര പ്രമേയം കൊണ്ടുവരുന്നത് വിശദമായ ചര്‍ച്ചക്കായാണ്. സര്‍ക്കാര്‍ പറയുന്നതിന് കൈയടിക്കാനല്ല പ്രതിപക്ഷം ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വയനാട് വിഷയം പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. എന്നാല്‍ ഇതൊരു കീഴ്‌വഴക്കമാകാന്‍ പാടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി വയനാട് വിഷയത്തില്‍ ചര്‍ച്ചയാകാം എന്നാണ് സര്‍ക്കാര്‍ നിലപാട് എന്ന് അറിയിച്ചു. നാട് നേരിട്ട ദുരന്തത്തെ ഒരുമിച്ചാണ് നേരിടുന്നതെന്ന സന്ദേശം നല്‍കാന്‍ ചര്‍ച്ച ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഉച്ചക്ക് ഒരു മണിക്ക് ചര്‍ച്ച നിശ്ചയിച്ചു. രണ്ടു മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്മേളനക്കാലത്ത് പ്രതിപക്ഷത്തിന്റെ നാലാമത്തെ അടിയന്തര പ്രമേയമാണ് സഭ ചര്‍ച്ചക്കെടുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here