വാതിൽപഴുതിലൂടെ എത്തിനോക്കി ഖര്‍ഗെ!! ദളിതനെ പുറത്തുനിർത്തിയെന്ന് പ്രചരിപ്പിച്ച് ബിജെപി; പ്രിയങ്കയൊത്തുള്ള ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക സമർപ്പിക്കുമ്പോൾ വരണാധികാരിയായ ജില്ലാ കളക്ടറുടെ മുറിയിലേക്ക് നോക്കിനിൽക്കുന്ന ഖര്‍ഗെയുടെ വീഡിയോ പങ്കുവച്ചാണ് പ്രചരണം. ദേശീയതലത്തിൽ കൂടി വിഷയം ചർച്ചയാക്കാൻ ഔദ്യോഗിക സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ തന്നെ ഷെയർ ചെയ്യുകയാണ് ബിജെപി.

ബിജെപി മുഖ്യമന്ത്രിമാരും നേതാക്കളുമെല്ലാം ഈ പ്രചരണം ഏറ്റുപിടിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. ദളിതനായ പാര്‍ട്ടി അധ്യക്ഷനെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കുടുംബാംഗം അല്ലാത്തതിനാലാണ് ഖര്‍ഗെയെ പുറത്തു നിര്‍ത്തിയിരിക്കുന്നത്. ഇത് ഗാന്ധി കുടംബത്തിന്റെ അഹങ്കാരമാണ് വ്യക്തമാക്കുന്നത്. ദളിതരോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് ഈ പ്രവര്‍ത്തിയെന്നും മറ്റുമാണ് ബിജെപി ഭാഷ്യം.

എന്നാല്‍ ഈ പ്രചരണങ്ങളെ വസ്തുതകള്‍ നിരത്തി പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. പത്രികാ സമര്‍പ്പണത്തിനെത്തിയ ഖര്‍ഗെ, പ്രിയങ്കയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് മറുപടി. അഞ്ചുപേര്‍ക്ക് മാത്രമാണ് പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. അകത്തുണ്ടായിരുന്നവര്‍ പുറത്തു പോകാന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും കാത്ത് നിന്നിരുന്നു. വില കുറഞ്ഞ നുണപ്രചരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നോമിനേഷന്‍ നല്‍കിയപ്പോൾ കൂടുതല്‍ ആളുകള്‍ വരണാധികാരിയുടെ മുറിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ഇത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കാട്ടിയ ജാഗ്രതയാണ് ഈ പ്രചരണത്തിന് കാരണമായതെന്നും പറയാം. ഒരുസമയം അഞ്ചുപേര്‍ മാത്രം എന്നത് പാലിക്കാന്‍ നേതാക്കള്‍ മാറിമാറിയാണ് ഉള്ളിലേക്ക് കടന്നത്. സോണിഗാന്ധിയും നോമിനേഷന്‍ തയാറാക്കിയവരുമാണ് ആദ്യം പ്രിയങ്കയ്‌ക്കൊപ്പം കയറിയത്. ഇവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങി. അതിന് ശേഷമാണ് നേതാക്കള്‍ ഉള്ളിൽ കടന്നത്.

ഇതിനിടയില്‍ പല നേതാക്കളും പുറത്തേക്ക് പോവുകയും മറ്റ് നേതാക്കള്‍ അകത്തേക്ക് എത്തുകയും ചെയ്തു. അകത്തേക്ക് പ്രവേശിച്ച ഖര്‍ഗെ അവസാനം വരേയും പ്രിയങ്കയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. ആകെയുണ്ടായിരുന്ന മാറ്റം മുന്നിലത്തെ സീറ്റ് സോണിയ ഗാന്ധിക്കായി ഒഴിഞ്ഞു കൊടുത്തതാണ്. അതും ഖാര്‍ഗെ തന്നെ നിര്‍ബന്ധിച്ച് സോണിയയെ മുന്നിലേക്ക് ഇരുത്തുകയായിരുന്നു എന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top