വയനാടിനു വേണ്ടി രാഷ്ട്രീയം മാറ്റിവയ്ക്കാം; സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സമരത്തിന് തയാറെന്ന് കോണ്‍ഗ്രസ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാതെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംയുക്ത സമരത്തിന് തയാറെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് നടപടിക്ക് പിന്നിചലുള്ളത്. അതിന് രാഷ്ട്രീയം മാറ്റിവച്ച് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംയുക്ത സമരത്തിന് തയാറാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികമാണ്. ഇത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. വായ്പ ഉപയോഗിച്ച് ഒന്നും നടത്തരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരള ജനതയെയും വയനാടിനെയും കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വ്വം ദ്രോഹിക്കുകയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്. ഇത് കേരള ജനതയോടുള്ള പരിഹാസമാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല കേരളത്തിനു വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു. വയനാട്ടില്‍ ഉണ്ടായത് തീവ്രദുരന്തമാണെന്ന് കേന്ദ്രം അംഗീകരിച്ചതാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് പ്രകാരം 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അത് തരാതെ 590 കോടി രൂപ കടമായി തരുന്നത് കേരളത്തെ അപമാനിക്കുന്നതിനും പരിഹസിക്കുന്നതിനും തുല്യമാണ്. കേരളത്തോടുള്ള പൂര്‍ണമായ അവഗണനയാണിത്. ഈ പണം 50 വര്‍ഷം കഴിഞ്ഞ് അടയ്ക്കേണ്ടെന്നു പറയാന്‍ കെ. സുരേന്ദ്രന്‍ ആരാണ്. അങ്ങനെ പറയാന്‍ സുരേന്ദ്രന് എന്ത് അവകാശമാണുള്ളത്. സംസ്ഥാനത്തിന് ദുരന്തം ഉണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണം. പാവപ്പെട്ട മനുഷ്യരുടെ കാലിന് അടിയിലെ മണ്ണ് ഒലിച്ചു പോയിട്ടും പണം 50 കൊല്ലത്തിനകം തിരിച്ചടയ്ക്കണമെന്നാണ് പറയുന്നത്. കേന്ദ്രം സംസ്ഥാനത്തോട് കാട്ടേണ്ട ഒരു മാന്യതയും കാണിക്കാതെ പൂര്‍ണമായ അവഗണനയും പരിഹാസവുമാണിത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top