‘വയനാടിന്റെ ചുമതലയിൽ നിന്ന് ശശീന്ദ്രനെ നീക്കണം’; സർവകക്ഷി യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം, മുഖ്യമന്ത്രി ജില്ലയിൽ എത്തണമെന്ന് ആവശ്യം

ബത്തേരി: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ വിളിച്ച സർവകക്ഷി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. വനംമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. വയനാട് ജില്ലയെ നിരന്തമായി അവഗണിച്ച വനം വകുപ്പ് മന്ത്രിയെ ജില്ലയുടെ ചുമതലയിൽ നിന്ന് നീക്കണം. മുഖ്യമന്ത്രി ജില്ലയിൽ എത്തി കാര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കണമെന്ന് എംഎൽഎ ടി.സിദ്ദിഖ് പറഞ്ഞു. വനം മന്ത്രിക്കെതിരെ രൂക്ഷമായ സാഹചര്യം ജില്ലയിൽ നിലനില്‍ക്കുന്നതിനാലാണ് മന്ത്രി ഒറ്റയ്ക്ക് വരാതെ മറ്റു മന്ത്രിമാരെ കൂട്ടി വന്നത്. ചർച്ചയിൽ കാര്യമില്ല ഇനി വേണ്ടത് തീരുമാനങ്ങളും പരിഹാരവുമാണെന്ന് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, കെ.രാജൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിൽ എത്തിയത്. മന്ത്രിമാർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമം നടത്തി. പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നതതലയോഗം ചേർന്നശേഷമാണ് സർവകക്ഷിയോഗം ചേർന്നത്.
അതേസമയം പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസ് ഒഴിവാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു മന്ത്രിസംഘത്തോട് ആവശ്യപ്പെട്ടു. ഇതൊരു ജനകീയ പ്രതിഷേധമായിരുന്നു. ആ സാഹചര്യത്തിൽ സ്വാഭാവികമായി ഉണ്ടായ പ്രതികരണമായിരുന്നു. അതിനാൽ കേസെടുത്ത് പ്രശ്നം വഷളാക്കരുതെന്നാണ് നിലപാട്. എന്നാൽ പ്രക്ഷോഭത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ന്യായീകരിച്ചു.
“ഞാൻ വയനാട്ടിൽ എത്തിയോ എന്നതിനേക്കാൾ പ്രധാനം, പ്രശ്നങ്ങൾ എങ്ങനെയാണ് പരിഹരിക്കുക എന്നതാണ്. ജനങ്ങളെ കേൾക്കാനാണ് ഞങ്ങൾ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു. പല സാങ്കേതിക പ്രശ്നങ്ങൾ കാരണം സാധിച്ചില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു.” എ.കെ.ശശീന്ദ്രൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here