വയനാട്ടിലെ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു; ഞായറാഴ്ചയും തുടരും
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ നടത്തിയ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളായി. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരച്ചില്‍ നടത്തിയത്. ഇത് ഞായറാഴ്ചയും തുടരും.
രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ഇന്നത്തെ തിരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും സംഘത്തോടൊപ്പം ചേര്‍ന്നു. ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം മന്ത്രി മുഹമ്മദ് റിയാസും ഉണ്ടായിരുന്നു.
കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കിയും പരിശോധിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ദുരന്തത്തില്‍ കാണാതായ 131 പേരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് ദുരന്ത മേഖലയില്‍ നിന്ന് ആരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here