രാധയെ കൊന്ന കടുവയെ ഉടൻ വെടിവച്ച് കൊല്ലും; മന്ത്രിയെ നാട്ടുകാർ വളഞ്ഞതിന് ശേഷം തീരുമാനം


വയനാട് മാനന്തവാടിയിൽ രാധ(45) എന്ന ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവായെന്ന് മന്ത്രി ഒആര്‍ കേളു. നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കടുവയെ കൊല്ലാൻ തീരുമാനിച്ചത്. ഇന്ന് തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചു. സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായി. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

രാധയുടെ മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ മുന്‍കൈയെടുക്കും. കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കും. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടത്. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോൾ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കടുവ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. തുടര്‍ന്ന് പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്.

കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി. തീരുമാനങ്ങൾ മന്ത്രി വിശദീകരിക്കുന്നതിനിടയിലും ജനങ്ങൾ അദ്ദേഹത്തിൻ്റെ സംസാരം തടസപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top