രാത്രി തന്നെ 17 കോടി കെട്ടിവച്ച് സ്ഥലം ഏറ്റെടുത്തു; വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഇന്ന് തുടങ്ങും

ഹൈക്കോടതി വിധി അനുകൂലമായതോടെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. ഇന്ന് തന്നെ നിര്‍മ്മാണം തുടങ്ങും. ഇന്നലെ അര്‍ദ്ധരാത്രിയോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് ഊരാളുങ്കല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

മുഖ്യമന്ത്രി തറക്കല്ലിട്ടിട്ട് ദിവസങ്ങളായെങ്കിലും എല്‍സ്റ്റണ്‍ ടീ എസ്‌റ്റേറ്റ് ഉടമകള്‍ നഷ്ടപരിഹാരം ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിര്‍മ്മാണം വൈകിയത്. എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇന്നലെ ഹൈക്കോടതി അനുമതി നല്‍കി. ഭൂമിയുടെ നഷ്ടപരിഹാരമായി നേരത്തേ 26.51 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇത് ന്യായമല്ലെന്നും ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നുമായിരുന്നു എസ്‌റ്റേറ്റ് ഉടമകളുടെ വാദം.

ഫെയര്‍ വാല്യൂ കണക്കാക്കിയാല്‍ നഷ്ടപരിഹാരത്തുക 42 കോടിയാകുമെന്നും ബാക്കി തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രി 10.30ഓടെ ട്രഷറിയില്‍ 17.7 കോടി രൂപ അധികമായി കെട്ടിവെച്ചു. പിന്നാലെ ജില്ലാ ഭരണകൂടം ഭൂമിയേറ്റെടുത്തു. 290 വീടുകളാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണമാണ് തുടങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top