‘ഉറ്റസുഹൃത്തുക്കളാണ് കൊന്നത്, ഈ വീട്ടിൽവന്ന് അവൻ്റമ്മയോട് ഭക്ഷണം വാങ്ങിക്കഴിച്ചിട്ടാണ് അത് ചെയ്തത്’; റാഗിങ്ങിനിരയായി മരിച്ച സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ വാക്കുകൾ

വയനാട്: “ഒരു റൂമിൽ ഒന്നിച്ചു താമസിച്ചവരാണ് അവനെ കൊല്ലാൻ കൂട്ടുനിന്നത്. അവന്റെ അമ്മ കൊടുത്ത ഭക്ഷണം കഴിച്ചവരാണ് ഇതൊക്കെ ചെയ്തത്. അവന്റെ സുഹൃത്തുക്കളും സീനിയേഴ്‌സും ചേർന്നാണ് മുറിയിൽ ഇട്ട് അവനെ തല്ലിയത്”; പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥന്റെ അച്ഛന്റെ വാക്കുകളാണിത്.

മകനോടൊപ്പം ഒരു റൂമിൽ കഴിഞ്ഞിരുന്ന ഉറ്റ സുഹൃത്തുക്കൾ തന്നെയാണ് മരണത്തിനു കാരണമെന്ന സത്യം വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിദ്ധാർത്ഥന്റെ കുടുംബം. മകന്റെ അടുത്ത ചങ്ങാതിമാരായിരുന്നവർക്ക് എങ്ങനെ ഇത്രയും ക്രൂരമായ പെരുമാറാൻ സാധിച്ചുവെന്നും എന്താണ് അവരെ ഇതിന് പ്രേരിപ്പിച്ചത് എന്നും മനസിലാക്കാൻ സിദ്ധാർത്ഥന്റെ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എസ്എഫ്ഐയിൽ ചേരാത്തതിൽ പാർട്ടിക്കാർക്ക് അമർഷം ഉണ്ടായിരുന്നെന്ന് സിദ്ധാർത്ഥൻ പറഞ്ഞതായി അച്ഛൻ ജയപ്രകാശൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ സീനിയർ പെൺകുട്ടികളോടൊപ്പം മകൻ ഡാൻസ് കളിച്ചത് പ്രതികളെ പ്രകോപിപ്പിച്ചെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.

“സിദ്ധാർത്ഥന്റെ സുഹൃത്തുക്കളായ റെഹാന, അക്ഷയ് തുടങ്ങിയവർ നേരത്തെ പാർട്ടിയിൽ ചേർന്നിരുന്നു. മോൻ മാത്രം ചേർന്നില്ല. അതിന്റെ ദേഷ്യം ഉണ്ടായിരുന്നു എസ്എഫ്ഐക്കാർക്ക്. വാലന്റൈൻസ് ഡേയ്ക്ക് ഒരു പ്രശ്‌നമുണ്ടായപ്പോൾ അവന്റെ കൂട്ടുകാരും പാർട്ടിയുടെ കൂടെ നിന്നു. പാർട്ടിക്കാരൊക്കെ ഒന്നായി”; ജയപ്രകാശൻ പറഞ്ഞു. കോളജിലെ എസ്എഫ്ഐ നേതാക്കൾ തന്നെ മുഖ്യപ്രതികളായത് കൊണ്ട് പാർട്ടി തന്നെ അവരെ സംരക്ഷിക്കുകയാണെന്നാണ് കുടുംബം പറയുന്നത്. സിദ്ധാർത്ഥന്റെ സുഹൃത്തുക്കളിൽ ചിലർ തന്നെയാണ് മർദ്ദനം നടന്ന വിവരം കുടുംബത്തെ അറിയിച്ചത്. കോളജിലും ഹോസ്റ്റലിലും റാഗിങ് പതിവാണെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ കോളജിൽ റാഗിങ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കോളജ് ഡീൻ എം.കെ.നാരായണൻ നേരത്തെ പറഞ്ഞത്. ക്യാമ്പസിൽ മദ്യവും മയക്കുമരുന്നും സുലഭമാണെന്നും സിദ്ധാർത്ഥനും മുൻപ് വീട്ടിൽ പറഞ്ഞിരുന്നു.

“കോളജ് പാർട്ടിയുടെ നിയന്ത്രണത്തിലാണ്. പ്രതികൾ എല്ലാം പാർട്ടിക്കാരാണ്. യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ പ്രതികളാണ്. അപ്പോൾ പാർട്ടിയാണ് പ്രതികളെ സംരക്ഷിക്കുന്നത്. ഹോസ്റ്റൽ മുറികളാണ് കോടതിയെന്നാണ് അവിടത്തെ എസ്എഫ്ഐക്കാർ തന്നെ പറയുന്നത്. അവർ വിചാരണ നടത്തും. അവന്റെ അടുത്ത സുഹൃത്തുക്കൾ ഒന്നും ബോഡി കാണാൻ പോലും വന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് കോളജ് ഡീൻ തന്നെ വീട്ടിൽ വന്നത്. ഇതിൽ എല്ലാം ഒരു ദുരൂഹത തോന്നിയിരുന്നു”; ജയപ്രകാശൻ പറഞ്ഞു. പോലീസിൽ നിന്ന് നീതി കിട്ടുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും കുടുംബം. സംഭവത്തിലെ മുഖ്യപ്രതി അഖിലിനെ പാലക്കാട്ടു നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗമടക്കം 6 പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സിദ്ധാർത്ഥനെ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകൾ കണ്ടതിനെത്തുടർന്നാണ് കുടുംബം അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടെത്തിയത്.

Logo
X
Top