വന്യജീവി ആക്രമണത്തിന് ഇരയായാല്‍ ചികിത്സ സര്‍ക്കാര്‍ വക, ജനകീയ സമിതി രൂപീകരിക്കും; ആശ്വാസ നിര്‍ദ്ദേശങ്ങളുമായി മന്ത്രിസംഘം

വയനാട്: വന്യജീവി ആക്രമണം പരിഹരിക്കാന്‍ രണ്ട് നിര്‍ദ്ദേശങ്ങളില്‍ ഉറപ്പ് നല്‍കി മന്ത്രിസംഘം. പരുക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കും. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കുകയാണ് രണ്ടാമത്തേത്. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായിട്ടാണ് സമിതി. ജില്ലാ കളക്ടര്‍ സമിതിയുടെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കും. രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. ഇന്ന് വയനാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണത്തിനും പുറമേ പട്രോളിംഗ് സ്ക്വാഡുകളുടെ കാര്യത്തിലും തീരുമാനമുണ്ടായി. അതിർത്തി മേഖലയിൽ 13 പട്രോളിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചതായി തദ്ദേശ വകുപ്പ് മന്ത്രി അറിയിച്ചു. വനമേഖലയില്‍ കൂടുതൽ ഡ്രോണുകളെ വിന്യസിച്ച് നിരീക്ഷണം തുടരും. 250 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ഇതിനോടകം നടപടി തുടങ്ങി.
വനത്തിലെ അടിക്കാടുകള്‍ വെട്ടാന്‍ പ്രത്യേക ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പിൽ പദ്ധതിക്ക് രൂപം നല്‍കും. വന്യമൃഗങ്ങളെ ആകർഷിക്കുന്ന രീതിയിൽ റിസോർട്ടുകൾ പ്രവർത്തിക്കരുതെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു ആവശ്യം. ഇങ്ങനെയുള്ള റിസോർട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ കാടുമൂടിയ സ്ഥലം വൃത്തിയാക്കാനും യോഗം നിർദ്ദേശം നൽകി.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, കെ.രാജൻ, എം.ബി.രാജേഷ് എന്നിവരാണ് വയനാട്ടിൽ എത്തിയത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷ്, പോള്‍, പ്രജീഷ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here