കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്; കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം; മാനന്തവാടിയിലെ പ്രതിഷേധം അവസാനിപ്പിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ജനവാസമേഖലയില്‍ കടന്ന് ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദാണ് ഉത്തരവിറക്കിയത്. നിലവില്‍ മാനന്തവാടിക്കടുത്ത് ഒണ്ടേങ്ങാടി ഭാഗത്തെ ജനവാസ മേഖലയിലാണ് ആനയുള്ളത്. കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് വനത്തിലേക്ക് തുരത്താന്‍ ശ്രമിക്കണം. കഴിയുന്നില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടണം. നിരീക്ഷണത്തിന് മുത്തങ്ങയിലേക്ക് മാറ്റിയ ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടാനാണ് നിര്‍ദ്ദേശത്തിലുള്ളത്.
അതേസമയം കാട്ടാന ആക്രമണത്തില്‍ നാട്ടുകാര്‍ തുടരുന്ന പ്രതിഷേധവും റോഡ് ഉപരോധവും അവസാനിപ്പിച്ചു. സര്‍വകക്ഷിയോഗത്തില്‍ ഒത്തുതീര്‍പ്പ് വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഗഡുവായി പത്ത് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും. ഭാര്യക്ക് ജോലി നല്‍കും. മക്കളുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. അജീഷിന്റെ കടം എഴുതിത്തള്ളുന്ന കാര്യവും പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പത്ത് ലക്ഷം മതിയാകില്ലെന്നും 50 ലക്ഷം രൂപ കുടുംബത്തിനു നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക, ആനയെ ഉടന്‍ വെടിവെക്കുക, നാട്ടിലിറങ്ങുന്ന ആനകളെ വെടിവെക്കാന്‍ ഉത്തരവിടുക എന്നിവയാണ് മറ്റാവശ്യങ്ങള്‍.
ജില്ലാ കളക്ടര്‍ രേണു രാജിന്റെ നേതൃത്വത്തില്‍ സബ് കളക്ടറുടെ ഓഫീസിലാണ് ചര്‍ച്ചനടന്നത്. ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, വനംവകുപ്പിനെ പ്രതിനിധീകരിച്ച് ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപ, എംഎല്‍എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ എന്നിവരും അജീഷിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കര്‍ണാടക വനംവകുപ്പ് വനത്തില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയില്‍ ആക്രമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here