കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കും; കൂടുതല്‍ കുങ്കിയാനകളും രംഗത്ത്

മാനന്തവാടി: ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്ന കാട്ടാനയെ ഇന്ന് മയക്കുവെടി വയ്ക്കും. കാട്ടാനയെ മയക്കുവെടി വെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാൻ ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസില്‍ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു. കാട്ടാന ആക്രമിച്ച് കൊന്ന അജീഷിന്റെ സംസ്കാര ചടങ്ങും ഇന്ന് നടക്കും.

അജീഷിന്റെ മരണത്തിന് പിന്നാലെ അണപൊട്ടിയ ജനരോഷം സര്‍വകക്ഷിയോഗത്തോടെയാണ് ശമിച്ചത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. തിങ്കളാഴ്ച തുക കൈമാറും. ഭാര്യക്ക് ജോലി നല്‍കും. നഷ്ടപരിഹാരമായി നാട്ടുകാര്‍ ആവശ്യപ്പെട്ട 50 ലക്ഷത്തില്‍ ബാക്കി 40 ലക്ഷം രൂപ കൈമാറാനുള്ള ശുപാര്‍ശ സർക്കാരിന് നല്‍കും. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യം സര്‍ക്കാരിന് സമര്‍പ്പിക്കാനും ധാരണയായിരുന്നു.

അജീഷിനെ അക്രമിച്ച സ്ഥലത്തിന് സമീപം തന്നെ ആന തുടരുന്നതിനാൽ പ്രദേശത്ത് കനത്ത ജാ​ഗ്രതാ നിർദേശമുണ്ട്. ആനയെ പിടികൂടാനുള്ള ദൗത്യത്തിനായി രണ്ട് കുങ്കിയാനകൾ സ്ഥലത്തെത്തി. രണ്ട് കുങ്കിയാനകളെക്കൂടി എത്തിച്ചേക്കും.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. കര്‍ണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് വിട്ട ആനയാണ് ആക്രമണം നടത്തിയത്. ഈ ആന ഒരു മാസമായി വയനാട് ഭാഗത്തുണ്ട്. ആനയുടെ ആക്രമണവും മരണവും നടന്നതോടെ ഈ വസ്തുത എടുത്ത് കാട്ടിയാണ് നാട്ടുകാര്‍ രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top