വയനാട്ടില്‍ മനുഷ്യര്‍ക്ക് വിലയില്ലേ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് ചികിത്സ നിഷേധിച്ചെന്ന് മകള്‍
കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോളി (52)ന് ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി മകള്‍ സോന രംഗത്ത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. വയനാട്ടില്‍ മനുഷ്യ ജീവന് വിലയില്ലേയെന്നും മകള്‍ ചോദിച്ചു. “എന്തുകൊണ്ടാണ് സര്‍ജറി ചെയ്യാത്തതെന്ന് ചോദിച്ചു.സര്‍ജറി ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സര്‍ജറി ചെയ്യണം എന്ന് പറഞ്ഞ് എത്ര നേരമാണ് വൈകിപ്പിച്ചത്. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഓരോ അരമണിക്കൂര്‍ കഴിഞ്ഞും ഇപ്പോള്‍ കോഴിക്കോട് കൊണ്ടുപോകും എന്ന് പറഞ്ഞുകൊണ്ടിരുന്നു. വളരെ വൈകി ഉച്ചക്ക് 1.50 ആയപ്പോഴാണ് ആംബുലന്‍സ് പോയത്.”
“ഹെലികോപ്റ്ററില്‍ കൊണ്ടുപോകും എന്ന് പറഞ്ഞു. ഫ്ലാഷ് ന്യൂസ് ആയിരുന്നല്ലോ? വയനാട്ടില്‍ ആദ്യമായാണ് ഹെലികോപ്റ്ററില്‍ കൊണ്ട് പോകുന്നത് എന്നും പറഞ്ഞു. അതും നടന്നില്ല. എവിടെ ഹെലികോപ്റ്റര്‍. ചികിത്സ ഇവിടെ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ രോഗിയെ വെച്ചുകൊണ്ടിരിക്കരുത്. മനുഷ്യനെക്കാള്‍ വിലയുണ്ട് ഒരു മൃഗത്തിന്. വയനാട് വന്യജീവികള്‍ക്ക് ഉള്ളതാണോ അതോ മനുഷ്യര്‍ക്ക് താമസിക്കാന്‍ ഉള്ളതാണോ? മനുഷ്യരെക്കാളും ഇവിടെ ജീവിക്കുന്നത് വന്യജീവികളാണ്”- സോന പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തി ബഹളം വെച്ചാണ് കാട്ടാനയെ ഓടിച്ചത്.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചില്‍ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഒരാഴ്ചക്കിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ശനിയാഴ്ച മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അജീഷ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ സംഭവങ്ങളില്‍ വയനാട്ടിലെ ജനങ്ങള്‍ കടുത്ത രോഷത്തിലാണ്. നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here