കലാശക്കൊട്ടില്‍ പ്രിയങ്കക്ക് ഒപ്പം രാഹുലും; വയനാട്ടില്‍ ആവേശമായി യുഡിഎഫ് റോഡ് ഷോ
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ടായിരിക്കെ ബത്തേരിയില്‍ ആവേശമായി യുഡിഎഫ് റോഡ് ഷോ. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കയും ഒരുമിച്ച് റോഡ് ഷോയ്ക്ക് എത്തിയതിനാല്‍ ആഘോഷം ഇരട്ടിയായി. വയനാട് ബത്തേരി മാത്രമാണ് റോഡ് ഷോ ഉള്ളത്. രണ്ടാമത് റോഡ് ഷോ കോഴിക്കോട് തിരുവമ്പാടിയിലാണ്.
പ്രിയങ്കയെയും രാഹുലിനെയും കാണാന്‍ രാഷ്ട്രീയപാര്‍ട്ടി ഭേദമന്യേ ആളുകള്‍ തടിച്ചുകൂടിയിരുന്നു. കോണ്‍ഗ്രസ് പ്രതീക്ഷിക്കാത്തത്ര ജനസഞ്ചയം തന്നെയാണ് റോഡ് ഷോയ്ക്ക് എത്തിയത്. ആദ്യമായി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന പ്രിയങ്കയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് ശ്രമം. അതുകൊണ്ട് തന്നെ രാഹുലിന് വേണ്ടി നടത്തിയതിനെക്കാളും വന്‍ പ്രചാരണമാണ് യുഡിഎഫ് വയനാട് നടത്തിയത്. കൂടുതൽ സമയം പ്രിയങ്ക ഗാന്ധി മണ്ഡലത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രിയങ്ക എത്തിയില്ല എന്ന ആരോപണം യുഡിഎഫിന് കേള്‍ക്കേണ്ടി വന്നില്ല.
എൽഡിഎഫ് കൊട്ടിക്കലാശം കൽപറ്റയിലും എൻഡിഎയുടെ കലാശക്കൊട്ട് ബത്തേരി ചുങ്കത്തുമാണു നടക്കുന്നത്. വൈകിട്ട് കൽപറ്റയിൽ നടക്കുന്ന എൽഡിഎഫ് റാലിയിൽ സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പങ്കെടുക്കും. നവ്യ ഹരിദാസ് കൽപറ്റ മണ്ഡലത്തിലും മാനന്തവാടി മണ്ഡലത്തിലുമാണ് റോഡ് ഷോ നടത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here