മുണ്ടക്കൈ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി; ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പരിഗണനയില്‍

കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ദുരന്തത്തിന് വയനാട്ടിലെ സ്ഥിതിഗതികൾ ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം
കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും പരിഗണനാ വിഷയത്തിലുണ്ട് . ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേസെടുത്തിരുന്നു. മലയോര പ്രദേശങ്ങളെ ചൂഷണം ചെയ്യുന്നതരത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാണ് ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച് കേസ് എടുത്തിരിക്കുന്നത്
ചീഫ് സെക്രട്ടറി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, വയനാട്- ഇടുക്കി ജില്ലാ കളക്ടർമാർ എന്നിവർക്ക് ട്രൈബ്യൂണൽ നോട്ടീസ് അയച്ചിരുന്നു. വയനാട് ദുരന്തം എങ്ങനെ സംഭവിച്ചുവെന്ന് മാത്രമല്ല അറിയേണ്ടത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള പരിഹാരങ്ങളും പ്രതിരോധ നടപടികളും എന്താണെന്ന് അറിയണമെന്നും ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം;വയനാട് മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മരണസംഖ്യ നാനൂറ് കടന്നെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെത്തി. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here