ഒരേ ഒരു ഓസീസ് ; ഇന്ത്യയ്ക്ക് ഫൈനലിൽ കാലിടറി

അഹമ്മദാബാദ്: ഇന്ത്യയുടെ മൂന്നാം ഏകദിന ലോകകകപ്പ് വിജയമെന്ന സ്വപ്നം തകർത്ത് ഓസീസ്. ഇന്ന് നടന്ന ഫൈനലിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമിട്ടുകൊണ്ടാണ് ഓസീസിൻ്റെ ആറാം കിരീട നേട്ടം. ആറ് വിക്കറ്റിനാണ് കംഗാരുക്കൾ നീലപ്പടയെ തകർത്തത്. 1987, 1999, 2003, 2007, 2015 വർഷങ്ങളിലാണ് ഇതിന് മുമ്പ് കംഗാരുപ്പട വിജയികളായത്. 2003 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ തകർത്തായിരുന്നു ഓസീസ് കിരീടത്തിൽ മുത്തമിട്ടത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓൾ ഔട്ടായി. 66 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോഹ്‌ലി 54 റൺസും രോഹിത് ശര്‍മ 47 റൺസും നേടി. സൂര്യ കുമാര്‍ യാദവ്(18), കുല്‍ദീപ് യാദവ്(10), രവിന്ദ്ര ജഡേജ(9), മുഹമ്മദ് സിറാജ്(9), മുഹമ്മദ് ഷമി ( 6), ശുഭ്മാന്‍ ഗില്‍(4), ശ്രേയസ് അയ്യര്‍(4), ജസ്പ്രിത് ബുംറ(1) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പ്രകടനം.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഇന്ത്യ ഉയർത്തിയ 241 റണ്‍സ് വിജയലക്ഷ്യം 43 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്ത് ഓസ്ട്രേലിയ മറികടന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി പ്രകടനമാണ് ഓസീസ് വിജയത്തിൽ നിർണായകമായത്. 120 പന്തിൽ 137 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. മാർനസ് ലാബുഷാഗ്നെ പുറത്താകാതെ 58 റൺസും നേടി. ഇന്ത്യക്കായി ജസ്പ്രിത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here