അത്ഭുതം പിറന്നില്ല; പാകിസ്താൻ പുറത്തേക്ക്; ഒന്നാം സെമി ചിത്രം തെളിഞ്ഞു

കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിൽ സെമി പ്രതിക്ഷയുമായി കളത്തിലിറങ്ങിയ പാകിസ്താനെ തകർത്ത് ഇംഗ്ലണ്ട്. 93 റൺസിനാണ് ഇംഗ്ലണ്ടിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 43.3ഓവറിൽ 244 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ബെന്‍ സ്റ്റോക്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും ടീമിന്‍റെ ടോപ് സ്കോററായി. 76 പന്തിൽ 84 റൺസാണ് താരം നേടിയത്. ജോണി ബെയര്‍സ്‌റ്റോ 61 പന്തിൽ 59 റണ്‍സും ജോ റൂട്ട് 72 പന്തിൽ 60 റൺസും നേടി. പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും ഷഹീന്‍ അഫ്രീദി, മുഹമദ് വസിം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഇഫ്ത്തിഖാർ അഹമ്മദ് ഒരു വിക്കറ്റും നേടി.
ഇംഗ്ലണ്ടുയർത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താനെ ഡേവിഡ് വില്ലിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ബോളർമാർ എറിഞ്ഞിടുകയായിരുന്നു. 51 റൺസ് നേടിയ സൽമാൻ അലി ആഗയാണ് പാക് നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം (38), മുഹമ്മദ് റിസ്വാൻ ( 36 ), ഹാരിസ് റൗഫ് (35) എന്നിവരാണ് പാകിസ്താൻ ബാറ്റ്സ്മാൻമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തതോടെ പാകിസ്താന്‍റെ സെമി സ്വപ്നം അസ്തമിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സിന്‍റെ വിജയം നേടിയിരുന്നെങ്കില്‍ പാകിസ്താന് സെമിയിൽ കടക്കാനുള്ള സാധ്യത നിലവിലുണ്ടായിരുന്നു. ഇംഗ്ലണ്ട് 337 റൺസ് സ്കോർ ചെയ്തതോടെ പാകിസ്താൻ്റെ പുറത്താകൽ ഉറപ്പിച്ചു. ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കണമെങ്കിൽ പാകിസ്താന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളിൽ മറികടക്കണമായിരുന്നു. ഇതോടെ ന്യൂസിലൻഡിന് സെമിയിലേക്കുള്ള വഴി തുറന്നു.
ആദ്യ സെമിയിൽ ആതിഥേയരായ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. നവംബർ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം കിവീസിനൊപ്പമായിരുന്നു.
നവംബർ 16 ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടം നേടാത്ത ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഫൈനൽ നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here