പകരം വീട്ടി ഇന്ത്യ; കിവീസിന് ആദ്യ തോൽവി

ധർമ്മശാല: കഴിഞ്ഞ ലോകകപ്പിൻ്റെ സെമിയിൽ നേരിട്ട തോൽവിക്ക് കിവീസി നോട് പകരം വീട്ടി ഇന്ത്യ. ന്യൂസിലൻഡിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. അഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. അഞ്ച് മത്സരങ്ങളിൽ നിന്നും ആദ്യ തോൽവിയാണ് ന്യൂസിലൻഡ് ഇന്ന് ഏറ്റുവാങ്ങിയത്.
ഡാരില്‍ മിച്ചെലിന്റെ സെഞ്ച്വറി മികവില്‍ കിവീസ് ഉയർത്തിയ 274 വിജയലക്ഷ്യം 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
മിച്ചെലിന്റെ സെഞ്ചുറിയും രചിന്‍ രവീന്ദ്രയുടെ അര്‍ധ സെഞ്ചുറിയുമാണ് കിവീസിനെ പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്നും കിവീസിനെ കരകയറ്റിയത്. 159 റണ്‍സാണ് ഈ കൂട്ടുകെട്ടിൽ കിവീസ് അടിച്ചുകൂട്ടിയത്. ഒടുവില്‍ മുപ്പത്തിനാലാം ഓവറിൽ രചിനെ വീഴ്ത്തി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. മിച്ചെലിൻ്റെയും വിക്കറ്റ് ഷമിയാണ് നേടിയത്.
മിച്ചെല്‍ 127 പന്തില്‍ 130 റൺസും രചിന്‍ 87 പന്തിൽ നിന്നും 75 റണ്‍സും നേടി. ഒരു ഘട്ടത്തില്‍ കിവീസ് സ്കോർ അനായാസം 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളിൽ ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്കോർ 273 ൽ ഒതുങ്ങി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി തിളങ്ങിയത് 104 പന്തിൽ 95 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ്. ക്യാപ്റ്റൻ രോഹിത് ശർമ 40 പന്തിൽ നിന്നും 46 റൺസും നേടി.രവീന്ദ്ര ജഡേജ (പുറത്താവാതെ 39)ശ്രേയസ് അയ്യർ (33), കെ.എൽ. രാഹുൽ (27), ശുഭ്മൻ ഗിൽ (26) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here