‘പ്രതീക്ഷ നല്‍കുന്ന ഉത്തരവ്’; ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്ത് WCC

ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ഉത്തരവിനെ സ്വാഗതം ചെയ്ത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി). വിവരാവകാശ കമ്മിഷന്റെ ഉത്തരവിലൂടെ, 2019 മുതല്‍ 2024 വരെ നീണ്ടുനിന്ന നിശബ്ദതയ്ക്ക് അറുതിയാകുന്നു എന്നും ഡബ്ല്യൂസിസി പ്രതീക്ഷ പങ്കുവച്ചു. സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിഞ്ഞദിവസമാണ് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യൂസിസി.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടുന്നതിലൂടെ പരിഹാരനടപടികളും പുരോഗമനപരമായ മാറ്റങ്ങളും സാധ്യമാകാന്‍ കഴിയുമെന്ന് സംഘടന പ്രത്യാശ പ്രകടിപ്പിച്ചു. തുറന്നുപറച്ചില്‍ നടത്തിയവരെ സംരക്ഷിച്ചുകൊണ്ട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളും സിനിമയിലെ അനീതികളും അസന്തുലിതാവസ്ഥയും പുറത്തുവരേണ്ടതാണെന്നും ഡബ്ല്യൂസിസി പറഞ്ഞു.
ഡബ്ല്യൂസിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിനെ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് സ്വാഗതം ചെയ്യുന്നു. 2019 മുതല്‍ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചാവിഷയമാകുമ്പോള്‍ WCC വര്‍ഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങള്‍ വീണ്ടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു.
കണ്ടെത്തലുകള്‍ പുറത്തുവിടാതെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സുതാര്യതയോടുകൂടി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ പുറത്തു വരുന്നത്, ഉപയോഗപ്രദമായ പരിഹാരനടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് WCC ശക്തമായി വിശ്വസിക്കുന്നു
വരും തലമുറകള്‍ക്ക് സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പ് വരുത്താന്‍ ഉതകുന്ന, ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനം, തുറന്ന് പറച്ചിലുകള്‍ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങളും നിലവില്‍ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിര്‍ബന്ധമായും പുറത്ത് വരേണ്ടവയാണ്.
ഇത് കൂടാതെ സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങള്‍ നടത്തി, ബെസ്റ്റ് പ്രാക്ടീസസ് റെക്കമെന്‍ഡേഷന്‍സ് അടക്കം കളക്ടീവ് ഇതിന് മുന്‍പും സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. RTI യുടെ പിന്തുണയോടെ കൂടി മുന്നോട്ട് വന്നിരിക്കുന്ന SICയുടെ നിര്‍ദേശത്തിന് പൂര്‍ണ്ണമായ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി
നിലനില്‍ക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതല്‍ ലിംഗ സമത്വമുള്ള തൊഴിലിടങ്ങള്‍ ഉണ്ടാകട്ടെ.
വിവരാവകാശ കമ്മിഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതര്‍ക്ക് നീതി ലഭിക്കുമെന്നും ഭാവിയിലെങ്കിലും നിര്‍ഭയരായി, വിവേചനവും വേര്‍തിരിവും ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കുമെന്നും പ്രത്യാശിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here