കറുത്ത ചുരിദാറിൻ്റെ പേരിൽ തടഞ്ഞുവച്ചു; പോലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് യുവതി; നവകേരളയാത്രയുടെ സുരക്ഷ വീണ്ടും വിവാദമാകുന്നു
കൊല്ലം: നവകേരളയാത്ര കടന്നുപോകുന്ന വഴിയിൽ നിന്നപ്പോൾ കറുത്ത വസ്ത്രം ധരിച്ചുവെന്ന പേരിൽ പോലീസ് കരുതൽ തടങ്കലിലാക്കിയ യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞമാസം 18ന് കൊല്ലം ഭർത്താവിൻ്റെ അമ്മയുമൊത്ത് തലവൂര്‍ രണ്ടാലുംമൂട് ജംഗ്ഷനില്‍ നിന്നപ്പോഴാണ് പോലീസ് കസ്റ്റഡിലെടുക്കുകയും ഏഴ് മണിക്കൂര്‍ സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്തതെന്ന് പത്തനാപുരം സ്വദേശി എല്‍.അര്‍ച്ചന മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
എന്നെ തടഞ്ഞുവെച്ചതും കേസെടുത്തതും എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കോടതി തന്നെ തീര്‍പ്പ് കല്‍പ്പിക്കട്ടെ എന്ന് കരുതിയാണ് നഷ്ടപരിഹാരം തേടി ഹര്‍ജി നല്‍കിയത്-അര്‍ച്ചന പറയുന്നു. വ്യക്തിസ്വാതന്ത്രവും സഞ്ചാരസ്വാതന്ത്ര്യവും പോലീസ് നിഷേധിക്കുകയാണ് ചെയ്തതെന്നാണ് അര്‍ച്ചന ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മൗലികാവകാശലംഘനത്തിന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അര്‍ച്ചനയുടെ വാക്കുകള്‍ ഇങ്ങനെ: “തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ പേരിലുള്ള പോലീസ് നടപടി. ഞാന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ പോയതല്ല. രാവിലെ ഭർത്താവിൻ്റെ അമ്മക്കൊപ്പമാണ് നവകേരള സദസിന് എത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ തലവൂര്‍ ജംഗ്ഷനില്‍ എത്തിയത്. ധരിച്ചത് കറുത്ത ചുരിദാര്‍ ആയിപ്പോയി. എന്റെ ഭര്‍ത്താവ് ബാഹുലേയന്‍ ബിജെപി പ്രാദേശിക ഭാരവാഹിയാണ്. ബാഹുലേയന്‍റെ ഭാര്യയല്ലേ എന്നാണ് പോലീസ് വന്നു ചോദിച്ചത്. അതേ എന്ന് പറഞ്ഞപ്പോള്‍ വണ്ടിയില്‍ കയറിക്കോളാന്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ കറുത്ത വേഷമിട്ട് വന്നു. ബാഹുലേയന്റെ ഭാര്യയായതുകൊണ്ട് നിങ്ങളും പ്രതിഷേധിക്കാന്‍ വന്നത് തന്നെയാണ്. ഇതാണ് പോലീസ് പറഞ്ഞത്.
കുന്നിക്കോട് സ്റ്റേഷനിലേക്കാണ് കൊണ്ട് പോയത്. രാവിലെ 11.30 ഓടെ സ്റ്റേഷനില്‍ എത്തിച്ചത്. വൈകീട്ട് 6.30 ന് ശേഷമാണ് വിട്ടയച്ചത്. കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു വരാന്‍ സമയമായെന്നും പറഞ്ഞിട്ടും പോലീസ് അനങ്ങിയില്ല. പത്തനാപുരം-പുനലൂര്‍ നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും തിരിച്ചു പോകാതെ വിട്ടയക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. കുന്നിക്കോട് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ പോയതാണ്”-അര്‍ച്ചന പറയുന്നു.
വ്യക്തിസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി അര്‍ച്ചന നല്‍കിയ ഹര്‍ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here