‘ദയാവധത്തിന് തയാർ’ എന്ന ബോര്‍ഡുമായി വൃദ്ധദമ്പതികള്‍; ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് കാരണം, സിപിഎം ഇടപെട്ട് സമരം പിന്‍വലിപ്പിച്ചു

ഇടുക്കി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനു പിന്നാലെ ‘ദയാവധത്തിന് തയാർ’ എന്ന ബോര്‍ഡുമായി വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയില്‍ ഭിന്നശേഷിക്കാരിയായ ഓമനയും (60) ഭർത്താവ് ശിവദാസുമാണ് (72) പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികൾ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ‘ഔദാര്യമല്ല അവകാശമാണ് ഞങ്ങളുടെ പെന്‍ഷന്‍’ എന്ന എഴുത്തുമായി ബോര്‍ഡ് സ്ഥാപിച്ചത്.

ആയിരം രൂപ സഹായം നല്‍കി പ്രതിഷേധത്തില്‍ നിന്നും പിന്മാറണമെന്നും ബോര്‍ഡ് നീക്കം ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു. ബോർഡ് മാറ്റണമെന്ന സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം വൃദ്ധദമ്പതികൾ തള്ളിയിരുന്നു. ഒരു മാസത്തെ പെന്‍ഷന്‍ തുകയും ഭക്ഷ്യ കിറ്റും നല്‍കി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതുവരെ എല്ലാ മാസവും പണം നല്‍കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തു. ഇതിനുപിന്നാലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ദമ്പതികള്‍ തയ്യാറായി.

ശിവദാസന് വാര്‍ദ്ധക്യകാല പെന്‍ഷനും ഓമനയ്ക്ക് വികലാംഗ പെന്‍ഷനുമുണ്ടായിരുന്നു. ഇത് മുടങ്ങിയതോടെ പെട്ടിക്കടയില്‍ കച്ചവടം നടത്താനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാതായി. കടയിലെ വരുമാനവും നിലച്ചു. ഏക പ്രതീക്ഷയായ ക്ഷേമ പെന്‍ഷന്‍ വഴിമുട്ടിയത് ദമ്പതികളുടെ ജീവിതം ദുരിതത്തിലാഴ്ത്തി. കുളമാങ്കുഴി ആദിവാസി മേഖലയിൽ സ്ഥലമുണ്ടെങ്കിലും വന്യമൃഗ ശല്യമുള്ളതിനാൽ അവിടെ നിന്നുള്ള ആദായം ലഭിക്കുന്നില്ല. പെട്ടിക്കടയില്‍ തന്നെയാണ് ഇരുവരും കഴിയുന്നത്.

കഴിഞ്ഞ ദിവസം ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ തൊണ്ണൂറുവയസുള്ള പൊന്നമ്മ റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു. അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാതെ എങ്ങനെ പദ്ധതി നടപ്പാക്കുമെന്നും അറുപതിനായിരം കോടി രൂപ ഈ വർഷം കേന്ദ്രം തന്നില്ലെന്നും സജി ചെറിയാന്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top