ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 7 മാസം; പാളിപ്പോയത് ഇടത് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം; കുടിശികയായി ഓരോരുത്തര്‍ക്കും ലഭിക്കാനുള്ളത് 11, 200 രൂപ വീതം

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുള്ള ആത്മഹത്യ ഇന്നത്തെ പത്രങ്ങളിലും പ്രധാന വാര്‍ത്തയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ കശുവണ്ടി തൊഴിലാളി ഓമനയെയാണ് (74) ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബിപിഎല്‍ പട്ടികയില്‍പ്പെട്ട ഇവരുടെ ഭര്‍ത്താവ് വേലായുധന്‍ കിടപ്പുരോഗിയാണ്. ആകെയുള്ള ആശ്രയമായ ക്ഷേമപെന്‍ഷനും മുടങ്ങി ജീവിതം വഴിമുട്ടിയതോടെയാണ് ആത്മഹത്യയില്‍ അഭയം തേടിയത്.

ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കാരണം കോഴിക്കോട്ട് ചക്കിട്ടപ്പാറയില്‍ ജോസഫ് ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. 15 ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നു കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയ ശേഷമായിരുന്നു ജോസഫിന്റെ ആത്മഹത്യ.

കഴിഞ്ഞ ഓഗസ്റ്റിലാണ് അവസാനമായി ക്ഷേമപെന്‍ഷന്‍ നല്‍കിയത്. പെൻഷൻ മുടങ്ങിയിട്ട് ഇപ്പോൾ 7 മാസം തികയുന്നു. ഏകദേശം 60 ലക്ഷത്തോളം പേരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. 1600 രൂപയാണ് പ്രതിമാസം നല്‍കുന്നത് . 7 മാസത്തെ കുടിശികയായി ഓരോ പെൻഷൻകാർക്കും ലഭിക്കേണ്ടത് 11,200 രൂപയാണ്. ഒരു മാസം ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടത് 900 കോടി രൂപയാണ്. 6300 കോടി രൂപ ക്ഷേമപെൻഷൻ ഇനത്തിൽ സർക്കാർ നല്‍കാനുണ്ട്.

ക്ഷേമപെൻഷൻ കിട്ടാതെ വന്നതോടെ മരുന്നും ആഹാരവും മുടങ്ങിയവർ നിരവധിയാണ്. 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നാണ് ഇടത് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാൽ 100 രൂപ പോലും ഉയർത്തിയില്ല. കൃത്യമായി കൊടുക്കുന്നതിലും പരാജയപ്പെട്ടു.

കടുത്ത എതിര്‍പ്പാണ് ഈ പ്രശ്നത്തിൽ സര്‍ക്കാരിനെതിരെ ഉയരുന്നത്. ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇടുക്കി അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് മറിയക്കുട്ടി ഭിക്ഷ യാചിച്ചത് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. മറിയക്കുട്ടിയുടെ സമരം വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റി. അവരെ ലക്ഷാധിപതിയാക്കി ചിത്രീകരിക്കാൻ പാര്‍ട്ടി മുഖപത്രം ശ്രമിച്ചത് പാളിപ്പോയതോടെ പത്രത്തിന് മാപ്പ് പറയേണ്ടിയും വന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും സര്‍ക്കാരിനും ക്ഷേമപെന്‍ഷന്‍ പ്രശ്നം തലവേദനയാകും എന്ന് തന്നെയാണ് നിലവിലെ സൂചനകള്‍. ക്ഷേമപെന്‍ഷന്‍ അടക്കമുള്ള പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രചാരണായുധങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top