പോപ്പിൻ്റെ അന്ത്യയാത്ര സമാനതകൾ ഇല്ലാത്തത്; നൂറ്റാണ്ടിലേറെയായി പാലിക്കുന്ന പ്രോട്ടോക്കോൾ; നാളെ എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്

നാളെ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കബറടക്കം ലളിതമെങ്കിലും ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലോകത്ത് ഒരു മതനേതാവിനോ രാഷ്ട്രതലവന്മാര്‍ക്കോ ലഭിക്കാത്ത ആദരവുകളും ബഹുമാനവുമാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് അന്ത്യയാത്രയില്‍ ലഭിക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക വിവിഐപികളും രാഷ്ട്രതലവന്മാരും ഉള്‍പ്പടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് ജനകീയനായ പാപ്പയെ യാത്രയാക്കുന്നത്. ‘അധികാരത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതാണ്’ മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകളെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് എഴുതിയിട്ടുണ്ട്.
ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത വിധത്തിലുള്ള മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെട്ടതാണ് മാര്‍പ്പാപ്പയുടെ അന്ത്യ ചടങ്ങുകള്‍. കാലങ്ങളായി പ്രോട്ടോക്കോള്‍ പ്രകാരം നിശ്ചയിച്ച അത്യന്തം അടുക്കും ചിട്ടയുമുള്ള നടപടിക്രമങ്ങളാണ് വലിയ ഇടയന്റെ സ്വര്‍ഗീയ യാത്രക്കുള്ളത്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ മരണാനന്തര ചടങ്ങളുകളുമായി പോപ്പിന്റെ അന്ത്യ ചടങ്ങുകള്‍ക്ക് ചില സമാനതകള്‍ ഉണ്ട്. രണ്ടു കൂട്ടരുടേയും സംസ്‌കാര ചടങ്ങുകള്‍ ക്രൈസ്തവ ആചാരപ്രകാരമാണ് നടക്കുന്നത്. രണ്ടും വ്യത്യസ്തത സഭാ വിഭാഗങ്ങള്‍ ആയതുകൊണ്ടും ചടങ്ങുകള്‍ വ്യത്യസ്തമാണ്. പക്ഷേ, രണ്ടടിത്തും പ്രൗഢിക്കും ഗരിമക്കും ഒന്നും ഒരു കുറവുമില്ല.
മാര്‍പ്പാപ്പ വെറും മതനേതാവു മാത്രമല്ല, വത്തിക്കാന്‍ എന്ന രാഷ്ട്രത്തിന്റെ തലവന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ മരണവിവരം പുറത്തു വിടുന്നതു മുതല്‍ അവസാന ചടങ്ങുവരെ രഹസ്യാത്മകതയും അച്ചടക്കവും പുലര്‍ത്താറുണ്ട്. 500 വര്‍ഷങ്ങളായി അണുവിട മാറാതെ നടക്കുന്ന കളര്‍ഫുള്‍ ഇവന്റാണിത്. ഏഷ്യന്‍ രാജ്യങ്ങളിലെ മത നേതാക്കന്മാരുടേയോ, രാഷ്ട്രതലവന്മാരുടേയോ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ സംസ്‌കാര ചടങ്ങുകളിലോ ഈ ഗാംഭീര്യവും അച്ചടവും നിറപ്പകിട്ടും ഒരിക്കലും കാണാനാവില്ല. ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ കാണുന്ന മറ്റൊരു യാത്രയയപ്പും ഉണ്ടെന്ന് തോന്നുന്നില്ല. ലോകം വത്തിക്കാനിലേക്ക് ഒഴുകുന്ന കാഴ്ചയാണ് മാര്‍പ്പാപ്പമാരുടെ യാത്രായയപ്പില്‍ കാണുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് വരെ നിരനിരയായി നിന്നാണ് പോപ്പിനെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം വന്‍ നിരയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ന് രാത്രി ഏഴു മണിയോടെ പൊതുദര്‍ശനം അവസാനിക്കും. നാളെ ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്ക് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍ പോപ്പിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കുന്ന പാരമ്പര്യം ഫ്രാന്‍സിസ് പാപ്പ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊതു ദര്‍ശനത്തിനായി പാപ്പയുടെ മൃതശരീരം വച്ചിരിക്കുന്നത് ഉയര്‍ന്ന പീഠത്തില്‍ ത്തന്നെയാണ്.
പാപ്പയുടെ ഭൗതിക ശരീരം കാണാനെത്തുന്ന ജനങ്ങള്‍ പുലര്‍ത്തുന്ന അച്ചടക്കം കണ്ടു പഠിക്കേണ്ടതാണ്. നെഞ്ചത്തടിച്ചും നിലവിളിച്ചും മുദ്രാവാക്യം മുഴക്കിയും ശബ്ദ മുഖരിതമാക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലെ പതിവ് സംസ്‌കാര ചടങ്ങുകളില്‍ നിന്ന് വ്യത്യസ്തമാണ് പടിഞ്ഞാറന്‍ നാടുകളിലെ നേതാക്കളുടെ മരണാനന്തര ചടങ്ങുകള്‍. ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ശരീരം ഇറക്കി വെക്കുന്നതോടെയാണ് അവസാനിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here