ട്രെയിനുകളില്‍ ഉയര്‍ന്ന സുരക്ഷയുള്ള എൽഎച്ച്ബി കോച്ചുകളില്ല; ബംഗാള്‍ ട്രെയിന്‍ ദുരന്തത്തിന്റെ തോത് ഉയര്‍ത്തിയത് കാഞ്ചന്‍ജംഗയിലെ പഴയ ഐസിഎഫ് കോച്ചുകള്‍

പശ്ചിമ ബംഗാളിലെ ട്രെയിന്‍ ദുരന്തത്തില്‍ 15 പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 60 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മിക്കവരും മരിച്ചത്. കാഞ്ചന്‍ജംഗ എക്സ്പ്രസിന് പിന്നില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ഗുഡ്സ് ട്രെയിന്‍ സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
കൂട്ടിയിടിയില്‍ തകരുന്ന കോച്ചുകളാണ് കാഞ്ചന്‍ജംഗ എക്സ്പ്രസിലുള്ളത്. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമിച്ച പഴയ കോച്ചുകളാണ് ഇത്. ഉയർന്ന സുരക്ഷാസംവിധാനമുള്ള എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ ഘടിപ്പിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ തോത് കുറയുമായിരുന്നു. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം കോച്ചുകൾ പരസ്പരം ഇടിച്ചുകയറില്ല എന്നതാണ് പ്രധാന സവിശേഷത. സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമിതമായ എൽഎച്ച്ബി കോച്ചുകൾക്ക് സാധാരണ കോച്ചുകളേക്കാൾ ചെലവ് കൂടുതലാണ്.
ട്രെയിനിന്റെ വേഗത വർധിപ്പിക്കാൻ എൽഎച്ച്ബി കോച്ചുകൾക്ക് കഴിയും. പുറം സ്റ്റെയിൻലെസ് സ്റ്റീലും ഉൾവശം അലൂമിനിയവും ഉപയോഗിച്ച് നിർമിച്ചതിനാൽ സാധാരണ കോച്ചുകളേക്കാൾ ഇവയ്ക്ക് ഭാരം കുറവായിരിക്കും. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറ്റി ട്രെയിനുകൾ നവീകരിക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും പല ട്രെയിനുകളിലും ഇപ്പോഴുമുള്ളത് ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമിച്ച പഴയ കോച്ചുകളാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തത്തിൽ അനുശോചിച്ചു. രക്ഷാപ്രവർത്തനത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേതൃത്വം നൽകുന്നുണ്ട്. ബാലസോറിലെ വലിയ ട്രെയിൻ ദുരന്തത്തിനു പിന്നാലെയാണ് ഈ ദുരന്തം. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് കോൺഗ്രസും ആർജെഡിയും ഉൾപ്പടെ വിവിധ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here