അടച്ചിട്ട മുറിയിൽ സംഭവിച്ചതെന്ത്; കേജ്‌രിവാളിൻ്റെ രാജി വന്നവഴി


ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കേജ്‌രിവാളിന്‍റെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ ആം ആദ്മി പാർട്ടിയിൽ പുരോഗമിക്കുകയാണ്. മുതിർന്ന എഎപി നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛദ്ദയും കേജ്‌രിവാളിനെ ഇന്ന് അദ്ദേഹത്തിൻ്റെ വസതിയിൽ സന്ദർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടത്തിയ നാടകീയമായ രാജി പ്രഖ്യാപനത്തിൽത്തന്നെ മനീഷ് സിസോദിയ തനിക്ക് പകരക്കാരനാകുമെന്ന സാധ്യത ഡൽഹി മുഖ്യമന്ത്രി തള്ളിയിരുന്നു.

“ഞാൻ മനീഷുമായി സംസാരിച്ചു. ഞങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തിയ ശേഷമേ അദ്ദേഹവും പദവികള്‍ കൈകാര്യം ചെയ്യൂ എന്നാണ് തന്നെ അറിയിച്ചത്. സിസോദിയയുടെയും എൻ്റെയും വിധി ഇപ്പോൾ നിങ്ങളുടെ കൈകളിലാണ്”- എന്നായിരുന്നു പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്.

ആംആദ്മി നേതാക്കളുമായി അടച്ചിട്ട മുറിയിൽ നടത്തിയ യോഗത്തിലാണ് കേജ്‌രിവാൾ സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാജിവയ്ക്കാൻ രണ്ട് ദിവസം ഡൽഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നിലെ രഹസ്യം മന്ത്രി അതിഷിയും വിശദീകരിച്ചിരുന്നു. ഇന്നലെ ഞായറാഴ്ചയായിരുന്നു. ഇന്ന് നബിദിനമാണ്. അതിനാൽ അടുത്ത പ്രവൃത്തി ദിവസം ചൊവ്വാഴ്ചയാണ്. അതുകൊണ്ടാണ് 48 മണിക്കൂർ സമയം വേണ്ടി വന്നതെന്നും അവർ പറഞ്ഞു.

ഏഴു പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മന്ത്രിമാരായ അതിഷി, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട് എന്നിവർക്കൊപ്പം കേജ്‌രിവാളിന്‍റെ ഭാര്യ സുനിതയും ലിസ്റ്റിലുണ്ട്. 1993 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസസ് ഓഫീസറാണ് സുനിത കേജ്‌രിവാൾ. എന്നാല്‍ അഴിമതിക്ക് പുറമേ സ്വജനപക്ഷപാതമെന്ന ആരോപണത്തിന് കാരണമായേക്കാവുന്ന തീരുമാനമൊന്നും ഉണ്ടാവാൻ സാധ്യതയില്ല. തനിക്ക് ശേഷം ഭാര്യയെ പിൻഗാമിയാക്കാനാണ് നീക്കമെന്ന വിമർശനം ബിജെപി ഇതിനോടകം ഉയർത്തിക്കഴിഞ്ഞു.

ആംആദ്മി പാര്‍ട്ടി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, സഞ്ജയ് സിങ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. നിയമസഭയ്ക്ക് അഞ്ച് മാസത്തെ കാലാവധി കൂടിയാണ് ബാക്കിയുള്ളത്. നിലവിൽ എംഎൽഎ അല്ലാത്ത മേൽ പറഞ്ഞ ആളുകളിലൊരാളെ മുഖ്യമന്ത്രിയാക്കിയാലും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരില്ല. അതുകൊണ്ടാണ് അവരെയും പരിഗണിക്കുന്നതെന്നാണ് വിവരം.

വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം എന്നിവയടക്കം ഏറ്റവും കൂടുതൽ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. ആഭ്യന്തരം, ഗതാഗതം, വനിതാ-ശിശുക്ഷേമം വകുപ്പുകളാണ് ഗെഹ്ലോട്ട് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി, വനം, പൊതുഭരണം എന്നിവയാണ് മുതിർന്ന നേതാവായ ഗോപാൽ റായ് കൈകാര്യം ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top