പ്രഭുദേവയും ടൊവിനോയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്ത്? സംവിധായകന്‍ പറയുന്നു
‘ജിബൂട്ടി’, ‘തേര്’ എന്നീ മലയാള സിനിമകള്‍ക്ക് ശേഷം എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന, അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചലച്ചിത്രം ‘പേട്ടറാപ്പി’ന്റെ സെറ്റില്‍ നടന്‍ ടൊവിനോ തോമസ് പ്രഭുദേവയെ കാണാനെത്തിയ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടൊവിനോ ‘പേട്ടറാപ്പി’ന്റെ ഭാഗമാണോ, ടൊവിനോടും പ്രഭുദേവയും ഒന്നിച്ചൊരു സിനിമയുണ്ടോ തുടങ്ങി നിരവധി സംശയങ്ങളാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ അവിടെ നടന്നത് ഇതൊന്നുമല്ല. ടൊവിനോയും പ്രഭുദേവയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ‘പേട്ടറാപ്പ്’ എന്ന ചിത്രത്തിന്റെ സംവിധാനയകന്‍ എസ്.ജെ. സിനു പറയുന്നു:
“ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസിന്റെ ഫ്‌ളോറിലാണ് പേട്ടറാപ്പിന്റെ ചിത്രീകരണം നടക്കുന്നത്. ഇതേ സ്റ്റുഡിയോയില്‍ തൊട്ടടുത്ത ഫ്‌ളോറില്‍ ടൊവിനോയും തൃഷയും അഭിനയിക്കുന്ന ഐഡന്‌റിറ്റി എന്ന സിനിമയുടെ ചിത്രീകരണവും നടക്കുന്നുണ്ട്. ടൊവിനോയ്ക്ക് അതൊരു ഫാന്‍ബോയ് മൊമെന്റ് ആയിരുന്നു. ടൊവിയോട് ഞാന്‍ പ്രഭുസാര്‍ ഇവിടെ ഉണ്ടെന്ന് പറഞ്ഞപ്പോഴേ പുള്ളി ഭയങ്കര എക്‌സൈറ്റഡ് ആയി. ടൊവിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. പ്രഭു സാറിന് ടൊവിനോ തോമസിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് മനസിലായത്, ടൊവിനോയുടെ എല്ലാ സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. ടൊവിയുടെ അഭിനയവും മാസ്റ്റര്‍ക്ക് ഇഷ്ടമാണ്. ഇക്കാര്യം ഞാന്‍ ടൊവിയോട് പറഞ്ഞു. അങ്ങനെ ടൊവി പ്രഭുസാറിനെ കാണാനായി വന്നതാണ്. സിനിമ സംബന്ധമായ മറ്റൊരു കാര്യവും അവര്‍ സംസാരിച്ചിട്ടില്ല,” എസ്.ജെ. സിനു മാധ്യമസിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പത്ത് ഗാനങ്ങളും ഏഴ് ഡാന്‍സ് നമ്പരുകളുമുള്ള ചിത്രമായിരിക്കും ‘പേട്ടറാപ്പ്’. വേദികയാണ് ചിത്രത്തിലെ നായിക. ബ്ലൂ ഹില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബി പി സാമാണ് ചിത്രം നിര്‍മ്മിച്ചത്. തേര് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ദിനില്‍ പി.കെ തന്നെയാണ് പേട്ടറാപ്പിന് തിരക്കഥ ഒരുക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here