കോടികൾ പിരിച്ചിട്ട് കോളജ് എവിടെ സഖാക്കളെ… എട്ടുകൊല്ലമായിട്ടും കാശുമില്ല കെട്ടിടവുമില്ല; അന്വേഷിച്ച പാർട്ടി കമ്മീഷനെ കാണാനുമില്ല!!

വൻ ഓഫറുകൾ നൽകി ജനങ്ങളുടെ പണം അടിച്ചുമാറ്റി മുങ്ങുന്ന വാർത്തകളാണ് കേരളത്തിലിപ്പോൾ എമ്പാടും എന്നും കേൾക്കുന്നത്. പാതിവില തട്ടിപ്പു മുതൽ സൈബർ തട്ടിപ്പുവരെ ആചാരം പോലെ നടക്കുന്ന രാജ്യത്തെ നമ്പർ വൺ നാടാണ് കേരളം. ഏറ്റവും ഒടുവിൽ, കണ്ണൂരിലെ ഇരട്ടിയിൽ കോളജ് തുടങ്ങാമെന്ന് പറഞ്ഞ് കാശുപിരിച്ച് പുട്ടടിച്ച സിപിഎം സഖാക്കളെ കാണാനില്ല എന്നാണ് ഉയരുന്ന ആരോപണം. തറക്കല്ലിട്ടതല്ലാതെ പിന്നെയൊന്നും സംഭവിച്ചില്ല.
ഇരട്ടിയിൽ ഒരു ജനകീയ കോളജ് എന്ന ഉദ്ദേശത്തോടെയാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി രൂപീകരിച്ചത്. 2017 മാർച്ച് 18ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സൊസൈറ്റി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഷെയർ സർട്ടിഫിക്കറ്റ് വിതരണം സണ്ണി ജോസഫ് എംഎൽഎയും കെട്ടിടത്തിൻ്റെ രൂപരേഖാ പ്രകാശനം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും നിർവഹിച്ചു. ഒരുതുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത സൊസൈറ്റിയാണ് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തിയത്.
2016-17 കാലത്താണ് ജനങ്ങളിൽ നിന്ന് കോളജിനായി ഓഹരി പിരിച്ചു തുടങ്ങിയത്. എ ക്ലാസിന് ഒരുലക്ഷം, ബി ക്ലാസിന് 50,000, സി ക്ലാസിന് 10,000 രൂപ എന്ന കണക്കിൽ പിരിവും തുടങ്ങി. ലാവിഷായി രസീതടിച്ചു പിരിച്ചു. ബ്രാഞ്ചുകൾ തോറും ആൾക്കാരെ ചേർത്തു. പക്ഷേ വർഷം എട്ടു കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. കാശുമില്ല കെട്ടിടവുമില്ല. പിരിച്ച കാശ് എവിടെപ്പോയെന്ന് അന്വേഷിക്കാൻ പാർട്ടി ഒരു അന്വേഷണ കമ്മീഷനെ വെച്ചുവെന്നാണ് അവസാനം കേട്ടത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. തെളിവെടുപ്പും പരാതി വാങ്ങലും മുറപോലെ നടന്നു. ഒടുക്കം റിപ്പോർട്ട് സമർപ്പിച്ചു എന്നും പറയുന്നുണ്ട്. പക്ഷേ പിരിച്ച കാശും പണിത കെട്ടിടവും കാണാനില്ല. സകലതും മായ. പിരിച്ച കാശിനെക്കുറിച്ച് സൊസൈറ്റിയുടെ പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ ബിനോയ് കുര്യനും ട്രഷറർക്കും കാര്യമായ വിവരമൊന്നും ഇല്ലെന്നും ആരോപണമുണ്ട്.
സൊസൈറ്റിയുടെ റജിസ്ട്രേഷൻ തന്നെ സംശയനിഴലിലാണ്. വോളണ്ടറി സോഷ്യൽ സർവീസ് സൊസൈറ്റി നിയമ പ്രകാരമാണ് റജിസ്ട്രേഷൻ നടന്നതെന്നാണ് വിവരം. സാധാരണ ആർട്സ് ആൻ്റ് സ്പോർട്ട് സ് ക്ലബുകൾ രജിസ്റ്റർ ചെയ്യുന്ന വിധത്തിലാണ് ഈ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ രജിസ്ട്രേഷനും നടന്നതെന്ന് ചുരുക്കം. ഇതുതന്നെ അസ്വാഭികമാണെന്ന് പാർട്ടിക്കാർ തന്നെ പറയുന്നുണ്ട്. തട്ടിപ്പും ഉഡായിപ്പും അവിടം മുതൽ തുടങ്ങിയെന്ന് കരുതേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here