വ്യോമസേനയുടെ മിഗ് 29 വിമാനങ്ങൾക്ക് എന്ത് സംഭവിക്കുന്നു? വീണ്ടും യുദ്ധവിമാനം തകർന്ന് വീണു
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 വിമാനം വയലിൽ തകർന്നുവീണു. ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
പറക്കുന്നതിനിടയിൽ വിമാനത്തിന് തീപിടിക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. വിമാനം നിലംപതിക്കുന്നതിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തു കടന്നതായി അധികൃതർ അറിയിച്ചു.
തകർന്നു വീണ യുദ്ധവിമാനത്തിന് സമീപം ജനക്കൂട്ടം തടിച്ചുകൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല.
രണ്ട് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മിഗ് 29 വിമാനാപകടമാണിത്. സെപ്റ്റംബറിൽ രാജസ്ഥാനിലെ ബാർമറിൽ മിഗ് -29 സാങ്കേതിക തകരാർ മൂലം തകർന്നുവീണിരുന്നു. മിഗ്-29 യുപിജി എന്ന യുദ്ധവിമാനത്തിൻ്റെ നവീകരിച്ച പതിപ്പാണ് ഇന്ന് തകർന്ന് വീണിരിക്കുന്നത്. റഷ്യൻ നിർമിത മിഗ് 29 യുദ്ധവിമാനങ്ങൾ 1987 മുതലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കിയത്.
ഈ വർഷം ഒട്ടേറെ സൈനിക യുദ്ധ വിമാനങ്ങൾ തകർന്നു വീഴുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ സൈനിക യുദ്ധ വിമാനം മാർച്ച് 12നും തകർന്നു വീണിരുന്നു. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ജയ്സാൽമീറിലായിരുന്നു സംഭവം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here