എന്താണ് സിബിൽ സ്കോർ, എങ്ങനെ സ്കോർ മെച്ചപ്പെടുത്താം, വായ്പയ്ക്ക് തടസ്സമാകുന്നതെപ്പോൾ

സിബിൽ സ്കോർ കുറഞ്ഞതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട കുട്ടനാട്ടിലെ കർഷകൻ കെ.ജി.പ്രസാദിന്റെ മരണത്തോടെയാണ് സിബിൽ (Credit Information Bureau (India) Limited) വീണ്ടും ചർച്ചയാവുന്നത്. എന്താണ് സിബിൽ സ്കോർ.

ഒരാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള മുഖ്യ സൂചകമാണ് സിബിൽ സ്കോർ. ഇന്ത്യയിൽ ബാങ്കുകൾ ഉൾപ്പെടെ വായ്പ നൽകുന്ന സ്ഥാപനങ്ങൾ അംഗങ്ങളായിട്ടുളള ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡാണ് ക്രെഡിറ്റ് സ്കോർ നിർണയിക്കുന്നത്. സിബിൽ സ്കോർ എന്നത് മൂന്നക്ക സംഖ്യയിൽ കാണിക്കുന്ന ഒരു റേറ്റിങ് ആണ്. ഇത് കടം വാങ്ങുന്ന ആളുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടവു ശേഷി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഉപയോഗിച്ച് വായ്പക്ക് അപേക്ഷിക്കുന്നവരുടെ സാമ്പത്തിക അച്ചടക്കം ബാങ്കുകൾ വിലയിരുത്തുന്നു.

300 മുതൽ 900 വരെയാണ് സിബിൽ നൽകുന്ന ക്രെഡിറ്റ് സ്കോറിന്റെ പരിധി. ഇന്ത്യയിൽ ബാങ്കുകൾ അനുവദിച്ചിട്ടുള്ള വായ്പകളിൽ 79 ശതമാനവും സിബിൽ ക്രെഡിറ്റ് സ്കോർ 750 നു മുകളിലുള്ളവർക്കാണ്. മുൻകാലത്തെ ബാങ്ക് വായ്പകളുടെ തിരിച്ചടവിൽ വരുത്തുന്ന ഓരോ വീഴ്ചക്കും പോയിന്റ് കുറയും. ഒരേ ഇനത്തിൽ പെട്ട വായ്പകൾ അടിക്കടി എടുത്താൽ സ്കോർ താഴേക്ക് പോകും. എല്ലാ മാസവും സ്ഥിതിവിവര കണക്കുകൾ ബാങ്കുകൾ സിബിലിന് നൽകും. അങ്ങനെ മാസം തോറും ആണ് സിബിൽ ഡേറ്റ പുതുക്കുന്നത്.

സിബിൽ സ്കോർ കുറയാതിരിക്കാൻ വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുക, ക്രെഡിറ്റ് കാർഡിൽ നിന്ന് മുഴുവൻ തുകയും ചിലവാക്കാതിരിക്കുക, ആവശ്യമുള്ള വായ്പകൾ മാത്രം എടുക്കുക, തുടരെത്തുടരെ വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കൂടാതെ മറ്റുള്ളവരുടെ ബാങ്ക് വായ്പക്ക് ജാമ്യം നിൽക്കുമ്പോൾ കൃത്യമായി തുക തിരിച്ച് അടയ്ക്കുന്നവരാണെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ അത് ജാമ്യം നിൽക്കുന്നവരുടെ സിബിൽ സ്കോറിനെ ബാധിക്കും.

സിബിൽ സ്കോർ മെച്ചപ്പെടുത്താനും ചില വഴികളുണ്ട്. ക്രെഡിറ്റ് കാർഡ് അടക്കം ഇപ്പോഴുള്ള വായ്പകളുടെ തിരിച്ചടവ് ഒരു ദിവസം പോലും വൈകാതെ കൃത്യമായി അടക്കുക. പഴയ വായ്പയുടെ പേരിലാണ് സ്കോർ കുറഞ്ഞതെങ്കിൽ, വളരെ ചെറിയ തുകയുടെ ഒരു വായ്പ വളരെ കുറഞ്ഞ കാലാവധിയിൽ തിരിച്ചടവ് കാണിച്ച് എടുക്കുക. അത് ഒരു ദിവസത്തെ പോലും മുടക്കമില്ലാതെ മാസംതോറും കൃത്യമായി അടച്ചു തീർക്കുക. ഇതിനിടയിൽ മറ്റു വായ്പകൾ എടുക്കരുത്. മൂന്നു വർഷം കൊണ്ട് ഏറ്റവും നല്ല സ്കോർ കാര്യമായി മെച്ചപ്പെടും.

സിബിൽ സൈറ്റിൽ നിന്ന് ഫീസ് അടച്ച് റിപ്പോർട്ട് എടുക്കാനാകും.
തെറ്റായ വിവരം സിവിൽ റിപ്പോർട്ടിൽ വന്നാൽ ബാങ്കിനെ സമീപിക്കുകയോ അല്ലെങ്കിൽ സിബിൽ വെബ്സൈറ്റിൽ നേരിട്ട് പരാതിപ്പെടുകയും ചെയ്യാം. വർഷത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ റിപ്പോർട്ട് പരിശോധിക്കുന്നത് വായ്പകൾ ഉദ്ദേശിക്കുന്നവർക്ക് ഗുണകരമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top