പ്രധാനമന്ത്രി ബംഗാളിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിനായി സന്ദേശ്ഖലി ഗ്രാമങ്ങളെ ബിജെപി ഏറ്റെടുക്കുമ്പോൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നു

സന്ദേശ്ഖലിയിലെ അഞ്ച് ചെറുഗ്രാമങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധയിലേക്കെത്തിയത് വളരെ പെട്ടെന്നായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഷെയ്ഖ് ഷാജഹാനെതിരെ ഉയര്‍ന്ന ലൈംഗികാരോപണമാണ് ഇതിന് കാരണമായത്. അതു പുറത്തുവന്നതാവട്ടെ ഇയാള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളോടെയും. ഇതോടെ സംസ്ഥാനത്തെ ബിജെപി-തൃണമൂല്‍ രാഷ്ട്രീയ വടംവലിയുടെ കേന്ദ്രമായി ഈ പ്രദേശങ്ങള്‍ മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖലി സന്ദര്‍ശിക്കും എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതോടെ ബിജെപി ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് എന്ന് ഉറപ്പായി.

ഇക്കഴിഞ്ഞ ജനുവരി 5ന്, കോടികളുടെ റേഷന്‍ വിതരണ കുംഭകോണക്കേസില്‍ ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാന്റെ സന്ദേശ്ഖലിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. പരിശോധനക്കെത്തിയെ ഇഡി സംഘത്തെ ഷാജഹാന്റെ അണികള്‍ ആക്രമിച്ചു. ഇതോടെ തൃണമൂല്‍ നേതാവിന് ഒളിവില്‍ പോകേണ്ടിവന്നു. ഷാജഹാന്‍ ഒരുമാസമായി ഒളിവിലാണ്. ഇതിനിടെ, ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പഴയൊരു തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച പുതിയ കേസ് ഫയല്‍ ചെയ്യുകയും പശ്ചിമ ബംഗാളില്‍ ഉടനീളം അദ്ദേഹത്തിന്റെ കൂട്ടാളികളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.

ഷാജഹാന്‍ ഒളിവില്‍ പോയതിനു പിന്നാലെ ഇയാള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികളായ സ്ത്രീകള്‍ രംഗത്തെത്തി. ചെമ്മീന്‍ കൃഷിക്കായി ഷാജഹാനും കൂട്ടരും തങ്ങളുടെ ഭൂമി ബലമായി തട്ടിയെടുക്കുകയും, വര്‍ഷങ്ങളായി ഉപദ്രവിക്കുകയും, ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്. ‘പാര്‍ട്ടിയിലെ ആണുങ്ങള്‍ എല്ലാ വീടുകളിലും സര്‍വേ നടത്തും. യുവതികളെയോ ചെറിയ പെണ്‍കുട്ടികളെയോ കണ്ണില്‍ പെട്ടാല്‍ അവരെ പാര്‍ട്ടി ഓഫീസിലേക്ക് കൊണ്ടുപോകും. ദിവസങ്ങളോളം അവര്‍ക്ക് മതിയാകുന്നതുവരെ സ്ത്രീകളെ അവിടെ പാര്‍പ്പിക്കും,’ പരാതിക്കാരായ സ്ത്രീകളില്‍ ഒരാള്‍ ആരോപിച്ചു.

ഷാജഹാന്റെ അസാന്നിധ്യമാണ് വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കിയത് എന്നാണ് സ്ത്രീകളുടെ പക്ഷം. ഷാജഹാനെതിരെ മാത്രമല്ല, ഇയാളുടെ അടുത്ത സഹായികളും മറ്റ് ടിഎംസി നേതാക്കളുമായ ഉത്തം സര്‍ദാറും ഷിബപ്രസാദ് ഹസ്രയും ഈ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും സ്ത്രീകള്‍ ആരോപിച്ചു. ഒരു ഭര്‍ത്താവിനും ഇവിടെ ഭാര്യമാര്‍ക്കുമേല്‍ യാതൊരു അവകാശവും ഇല്ലാത്ത അവസ്ഥയാണെന്നും സ്ത്രീകള്‍ പറയുന്നു. ‘പുരുഷന് തന്റെ ഭാര്യയെ ഉപേക്ഷിക്കേണ്ടിവരും. ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ല. ഉപദ്രവമോ ലൈംഗിക പീഡനമോ ഉണ്ടാകുമോ എന്ന ഭയം എപ്പോഴും ഉണ്ട്. ഞങ്ങള്‍ക്ക് സംരക്ഷണം വേണം. ഞങ്ങളുടെ പുരുഷന്മാരെല്ലാം ഗ്രാമം വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.’

ഷാജഹാനെയും ഷിബപ്രസാദ് ഹസ്രയെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ മുളവടികളും ചൂലുമായി ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ ഘരാവോ ചെയ്തു പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് പിടിച്ചെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് പ്രതിഷേധക്കാരായ സ്ത്രീകള്‍ ഷിബപ്രസാദ് ഹസ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കോഴി ഫാമുകള്‍ കത്തിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സംഘര്‍ഷം രൂക്ഷമായി. വിവാദം കത്തിക്കയറിയതോടെ ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങുയും ഷാജഹാനെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ബിജെപിയും സിപിഐഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനായി കൈകോര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ഷാജഹാനെ ലക്ഷ്യം വയ്ക്കുകയാണ് എന്നാണ് തൃണമൂലിന്റെ തിരിച്ചടി.

മമത ബാനര്‍ജി സര്‍ക്കാരിനെതിരേ കല്‍ക്കട്ട ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. തൃണമൂല്‍ നേതാവ് ഷാജഹാന് ഒളിച്ചോടാന്‍ കഴിയില്ലെന്നും സര്‍ക്കാരിന് അദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. സന്ദേശ്ഖലി സന്ദര്‍ശിക്കാന്‍ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാവ് സുവേന്ദു അധികാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സന്ദേശ്ഖലിയിലെ സ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കോടതി ശ്രദ്ധിച്ചിരുന്നതായി ചീഫ് ജസ്റ്റിസ് ടി.എസ്.ശിവഗ്‌നനം പറഞ്ഞു. ഹൈക്കോടതിയുടെ അനുവാദത്തോടെ സന്ദേശ്ഖലി സന്ദര്‍ശിക്കാനെത്തിയ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവും ബിജപി നേതാവുമായ സുവേന്ദു അധികാരിയെയും സംഘത്തെയും പൊലീസ് തടഞ്ഞു. സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെയും സന്ദേശ്ഖലി സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അതിനാല്‍ ആരെയും കടത്തിവിടില്ല എന്നുമാണ് പൊലീസ് നിലപാട്. സ്ഥലത്തെത്തിയ സുവേന്ദു അധികാരി സിഖുകാരനായ പൊലീസ് ഉദ്യോഗസ്ഥനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ചത് പുതിയ വിവാദത്തിനും തുടക്കം കുറിച്ചു.

മാര്‍ച്ച് ആറാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശ്ഖലിയില്‍ സന്ദര്‍ശനം നടത്തും എന്നാണ് അറിയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സന്ദേശ്ഖലിയിലെ ചില സ്ത്രീകളെ പ്രധാനമന്ത്രി നേരിട്ടുകാണും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വനിതാസംഘത്തിന്റെ സുപ്രധാനയോഗത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബംഗാളില്‍ എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്ന സാഹചര്യത്തില്‍ സന്ദേശ്ഖലി ബംഗാളിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top