ആൻ്റി വൈറൽ ചികിത്സയില്ലാത്ത HMPV; രോഗബാധ എങ്ങനെ അറിയാം; ആരൊക്കെ സൂക്ഷിക്കണം; അറിയേണ്ടതെല്ലാം

ഇന്ത്യയിൽ ആദ്യമായി ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (Human Metapneumovirus/HMPV) കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പുലർത്താനാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. കർണാടകയിലെ രണ്ടു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ എട്ട്, അറ് മാസം പ്രായമുള്ള കുഞ്ഞുങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്.

ബ്രോങ്കോപ് ന്യുമോണിയ ബാധിച്ച് ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രോഗമുക്തി പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ യാത്രാ പശ്ചാത്തലമില്ലാത്തതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. മുമ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ.

എച്ച്എംപിവിയുടെ ലക്ഷണങ്ങൾ

സാധാരണയായി ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, കഫക്കെട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ചിലർക്ക് ശ്വാസംമുട്ടലും ശ്വാസതടസവും രോഗബാധയുടെ ഭാഗമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ അണുബാധയുടെ ഭാഗമായി ഒരു ചുണങ്ങുകളും ശരീരത്തിൽ പ്രത്യക്ഷപ്പെട്ടേക്കാനും സാധ്യതയുണ്ട്. സാധാരണ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളും ചിലപ്പോൾ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയുടെ ഗുരുതരമായ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.

ആരൊക്കെ സൂക്ഷിക്കണം

ഈ രോഗം എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടും. ചെറിയ കുട്ടികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് ഇത് കൂടുതല്‍ വേഗം വരുന്നതും ഗുരുതരമാകുന്നതും. ഫ്‌ളൂ വൈറസ് ലക്ഷണങ്ങള്‍ തന്നെയാണ് രോഗബാധിതരിൽ ഉണ്ടാകുന്നത്. ചിലരില്‍ ഇത് ന്യൂമോണിയായി മാറുകയും കൂടുതല്‍ ഗുരുതരമാകുകയും ചെയ്യുന്നു.

ചികിത്സ

എച്ച്എംപിവിക്ക് പ്രത്യേക ആൻറിവൈറൽ ചികിത്സയൊന്നുമില്ല. മുന്‍‌കൂര്‍ വാക്സിനുകളും ഇല്ല. അതിനാൽ മുൻകരുതലാണ് അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള എറ്റവും നല്ല മാർഗം. പതിവായി കൈ കഴുകുക, ചുമയ്‌ക്കുമ്പോൾ വായ മൂടുക, രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, മസ്ക് ധരിക്കുക തുടങ്ങിയയാണ് രോഗബാധ ഒഴിവാക്കാൻ വേണ്ട പ്രധാന മുൻകരുതലുകൾ.

ഓക്സിജൻ തെറാപ്പിയാണ് ഗുരുതരമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവർക്ക് പ്രധാനമായും നൽകുന്നത്. ഇതിന് അലോപ്പതിയില്‍ കാര്യമായ മരുന്നുകളുമില്ല. പനിയും ജലദോഷവും കഫക്കെട്ടുമുള്ളപ്പോള്‍ നല്‍കുന്ന ചികിത്സകള്‍ തന്നെയാണ് നൽകുന്നത്. ഇത് കോവിഡ് പോലെ ഗുരുതര സ്വഭാവമുള്ളവയല്ല എന്നതാണ് ഏറ്റവും ആശ്വാസകരം.

രോഗവ്യാപനം

മൂക്കിലൂടെയും വായിലൂടെയും ഉളള സ്രവത്തിലൂടെയാണ് എച്ച്എംപിവി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നത്. തുമ്മിയാലോ ചുമച്ചാലോ എല്ലാം മറ്റുള്ളവരില്‍ നിന്ന് രോഗം ബാധിക്കാം. ഇതിന് 3-6 വരെ ഇന്‍ക്യുബേഷന്‍ പിരീഡുണ്ട് (രോഗാണു ശരീരത്തിൽ പ്രവേശിച്ചത് മുതൽ രോഗലക്ഷണം കാണിക്കുന്നതു വരെയുള്ള സമയം). തുടക്കത്തില്‍ പനിയും ശരീരവേദനയും ജലദോഷവുമായി തുടങ്ങുന്ന ലക്ഷണങ്ങൾ കൂടുതല്‍ ഗുരുതരമാകുമ്പോള്‍ കുത്തിക്കുത്തിയുള്ള ചുമയും ശ്വാസംമുട്ടലുമായി മാറും.

എങ്ങനെ കണ്ടെത്താം

വൈറല്‍ ഫ്‌ളൂവിന്റെ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നതിനാല്‍ പരിശോധന നടത്തിയാണ് ഇത് രോഗബാധ സ്ഥിരീകരിക്കുന്നത്. ട്രൂനേറ്റ്, എലീസാ ടെസ്റ്റുകള്‍ നടത്തിയാണ് ഇത് കണ്ടെത്തുന്നത്. കടുത്ത മഞ്ഞുകാലത്താണ് രോഗം പടരുന്നത്. ഇപ്പോള്‍ ഇന്ത്യയിലും വിദേശത്തുമെല്ലാം തണുപ്പ് കാലമായതിനാണ് ഇത് ഇപ്പോള്‍ പടരുന്നത്. കാലാവസ്ഥ മാറുമ്പോള്‍ രോഗബാധ കുറയുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.

എന്താണ് എച്ച്എംപിവി വൈറസ്‌

ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ് എച്ച്എംപിവി. ഇപ്പോള്‍ ആദ്യമായി ചൈനയിലാണ് റിപ്പോർട്ട് ചെയ്തതെങ്കിലും വൈറസ് കണ്ടുപിടിയ്ക്കപ്പെട്ടത് 2001ലാണ്. ഡെൻമാർക്കിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

ഒരു ആര്‍എന്‍എ വൈറസാണ് എച്ച്എംപിവി. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001 ല്‍ ഡച്ച് ഗവേഷകരാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഈ വൈറസ് കുറഞ്ഞത് ആറ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ രോഗത്തിന് കാരണമായി ലോകം മുഴുവന്‍ ഈ വൈറസ് വ്യാപിച്ചിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top