‘റൂഫ് നോക്കിങ്’ ബെയ്റൂട്ടിലും പ്രയോഗിച്ച് ഇസ്രയേൽ; നൊടിയിടയില്‍ ഒരു അപ്പാര്‍ട്ട്മെന്‍റ് അപ്രത്യക്ഷമാകുന്ന വീഡിയോ പുറത്ത്
ലെബനനിലെ തെക്കൻ ബെയ്റൂട്ടിലെ ഒരു സിവിലിയൻ അപ്പാർട്ട്മെൻ്റിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഒരു ബഹുനില കെട്ടിടത്തിൻ്റെ ചുവട്ടിലേക്ക് മിസൈൽ വന്ന് പതിക്കുന്നതും നൊടിയിടക്കുള്ളിൽ കെട്ടിടം ഇടിഞ്ഞ് താഴ്ന്ന് നിലം പതിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. നിയന്ത്രിത സ്ഫോടനത്തിലൂടെ മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിച്ചത് ഓർമപ്പെടുത്തുന്നതാണ് ഈ വീഡിയോ. ആളപായം ഉണ്ടായിട്ടുണ്ടോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. ഈ മാസം ആദ്യമാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ALSO READ: നെതന്യാഹുവിൻ്റെ വീടിനെ ഉന്നംവച്ച് ആക്രമണപദ്ധതികൾ… ഡ്രോണിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് കഴിവില്ലേ
കെട്ടിടത്തത്തിനുള്ളിൽ ചുറ്റുപാടും പരസ്പരം ബന്ധിപ്പിച്ച് സ്ഥാപിച്ച ഡൈനാമിറ്റുകൾ വഴിയാണ് സ്ഫോടനം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ നേരെത്തെ സജ്ജീകരിച്ച് വച്ച സ്ഫോടകവസ്തുക്കൾക്ക് മുകളിലേക്ക് മിസൈൽ അയക്കുകയാണ് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ഒഴിഞ്ഞു പോകണം എന്ന് ആവശ്യപ്പെട്ടുള്ള മുന്നറിയിപ്പ് ആക്രമണത്തിന് മുമ്പ് നൽകിയതായും ഐഡിഎഫ് അവകാശപ്പെടുന്നു.
തകർക്കാൻ ഉദ്ദേശിക്കുന്ന സിവിലിയൻ കെട്ടിടത്തിലെ താമസക്കാർക്ക് മുൻകൂർ അറിയിപ്പ് നൽകുന്ന ‘റൂഫ് നോക്കിങ്’ (Roof Knocking) എന്ന രീതി 2009 മുതൽ ഗാസയിൽ ഇസ്രയേൽ പരീക്ഷിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഇവിടെയും ഉണ്ടായതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. എക്സ്പ്ലോസിവ് അല്ലാത്ത ഒരു വസ്തു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ശേഷം താമസക്കാർക്ക് 5 മുതൽ 15 മിനിറ്റ് വരെ സമയം അനുവദിക്കും. അതിനുള്ളിൽ താമസം ഒഴിയണം.
ALSO READ: ലക്ഷ്യം ഹിസ്ബുള്ള മാത്രമല്ല…അമേരിക്കൻ സൈന്യവും THAAD സംവിധാനവും ഇസ്രയേലിലേക്ക്
ഇസ്രയേലിൻ്റെ ഹിറ്റ്ലിസ്റ്റിലുള്ളവർ ഒളിച്ച് താമസിക്കുന്നതോ, അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതായോ തിരിച്ചറിയുന്ന കെട്ടിടങ്ങളാണ് ഈ മട്ടിൽ തകർക്കുന്നത്. അടുത്തിടെ ഗാസയിൽ ഈ വിധത്തിൽ ഒരു അപ്പാർട്ട്മെൻറ് തകർക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here