ആരാണ് ഉഷ ചിലുകുരി? ജെ.ഡി.വാൻസിന്റെ ഇന്ത്യാ ബന്ധം തിരഞ്ഞ് സോഷ്യൽ മീഡിയ

ഒഹായോ റിപ്പബ്ലിക്കൻ സെനറ്റർ ജെ.ഡി.വാൻസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് വിജയിച്ചാൽ വാൻസി യുഎസ് വൈസ് പ്രസിഡന്റാകും. മുപ്പത്തൊൻപതുകാരനായ വാൻസിന് ഇന്ത്യയുമായി ബന്ധമുണ്ട്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിന്റെ ഭാര്യ.

ആന്ധ്രാപ്രദേശിൽ വേരുകളുള്ള ഉഷയുടെ കുടുംബം യുഎസിലേക്ക് കുടിയേറിയവരാണ്. കാലിഫോർണിയയിലാണ് ഉഷയുടെ ജനനം. സാൻഡിയാഗോയിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. 2013 ൽ യേൽ ലോ സ്കൂളിൽ പഠിക്കുമ്പോഴാണ് വാൻസിനെ കണ്ടുമുട്ടുന്നത്. ഇരുവരും ആദ്യം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. നിയമബിരുദം നേടിയതിനുശേഷം 2014 ൽ ഇരുവരും വിവാഹിതരായി.

യേൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ ബിഎയും കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽനിന്നു ചരിത്രത്തിൽ എംഫിലും ഉഷ നേടി. യേൽ ലോ ജേണലിന്‍റെ എക്‌സിക്യൂട്ടീവ് ഡെവലപ്‌മെന്‍റ് എഡിറ്ററായും യേൽ ജേണൽ ഓഫ് ലോ ആൻഡ് ടെക്‌നോളജിയുടെ മാനേജിങ് എഡിറ്ററായും ഉഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകയായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലും ഭർത്താവിന് ശക്തമായ പിന്തുണയുമായി ഉഷ ഒപ്പമുണ്ട്. വാൻസിന്റെ രാഷ്ട്രീയ പാർട്ടികളിൽ ഉഷയും അദ്ദേഹത്തെ അനുഗമിക്കാറുണ്ട്. 2016-ലെയും 2022-ലെയും സെനറ്റ് ക്യാംപെയ്നുകളിൽ സജീവമായിരുന്നു. 2014ൽ ഡെമോക്രാറ്റ് പാർട്ടിയിലായിരുന്നു ഉഷയുടെ പ്രവർത്തനം. എന്നാൽ, 2018 മുതൽ ഒഹായോയിൽ റിപ്പബ്ലിക്കനായാണ് വോട്ട് ചെയ്യുന്നത്. വാൻസിനും ഉഷയ്ക്കും മൂന്ന് മക്കളാണുള്ളത്. ഇതിൽ രണ്ടുപേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top