ജയരാജന് സർക്കാർ പരിപാടിയിൽ എന്താണ് റോൾ; നവകേരള സദസ് സിപിഎം പരിപാടിയെന്ന് കോണ്‍ഗ്രസ്
കണ്ണൂർ: നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ ഡിസിസി. സർക്കാർ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെപ്പറ്റി വാർത്താ സമ്മേളനം വിളിച്ച് വിശദീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പറയേണ്ടത് ചീഫ് സെക്രട്ടറിയോ ജില്ലാ കളക്ടറോ ആണ്. വാർത്താ സമ്മേളനം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കാന്‍ ജയരാജനെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് മാർട്ടിൻ ജോർജ് ചോദിച്ചു. നവകേരള സദസ് സിപിഎമ്മിൻ്റെ പരിപാടിയായി മാറിയത് കൊണ്ടാണ് ജയരാജൻ കാര്യങ്ങൾ വിശദീകരിച്ചതെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
കല്യാശേരിയിൽ നടന്നത് ചാവേർ ആക്രമണമാണെന്നാണ് മന്ത്രി എം.ബി. രാജേഷിൻ്റെ കണ്ടെത്തൽ. പ്രതിഷേധത്തിന്‍റെ ഭാഗമായി രണ്ട് പ്രവർത്തകർ കരിങ്കൊടി കാണിച്ചതാണോ ചാവേർ ആക്രമണം. ചാവേർ ആക്രണത്തിൻ്റെ പേരിൽ ഡിവൈഎഫ്ഐ അക്രമങ്ങളെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അഴിച്ചുവിട്ടത് ആസൂത്രിത ആക്രമണമാണ്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്ലീം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതാണ് കരിങ്കൊടി പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ തലയിൽ വയർലെസ് സെറ്റ് കൊണ്ട് മർദിച്ച പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
നവകേരള സദസിൻ്റെ മറവിൽ വ്യാപക പിരിവാണ് സർക്കാർ നടത്തുന്നത്. എഡിഎം അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് പിരിക്കുന്നത്. കുടുംബശ്രീക്കാരിൽ നിന്നുൾപ്പെടെ പിരിച്ച പണത്തിന് കണക്കില്ല. കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് എതിരാണെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here