പത്തനംതിട്ടയിലെ പിന്തുണ ബിഷപ് കെപി യോഹന്നാനെ തുണയ്ക്കുമോ? ആദായനികുതി കേസുകൾ ആവിയാകുമോ? ബിജെപിയെ പരസ്യമായി തുണയ്ക്കുന്ന ആദ്യ ക്രൈസ്തവസഭയായി ബിലീവേഴ്സ്
തിരുവനന്തപുരം: സാമ്പത്തിക തിരിമറിയുടെ പേരിൽ കേന്ദ്ര സർക്കാരിൻ്റെ വിവിധ ഏജൻസികളുടെ അന്വേഷണം നേരിടുന്ന ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്, പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനെടുത്ത തീരുമാനം ഈ തിരഞ്ഞെടുപ്പിലെ വലിയ തമാശകളിലൊന്നായി സോഷ്യൽ മീഡിയയിൽ നിറയുന്നു. സ്വന്തം പക്ഷത്തേക്ക് എത്തുന്ന രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കേസുകൾ അലക്കിവെളുപ്പിക്കുന്ന വാഷിങ് മെഷീനായി ബിജെപി മാറിയെന്ന് ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുമ്പോഴാണ്, കേരളത്തിൽ ഏറ്റവും കളങ്കിത പ്രതിഛായയുള്ള സ്വതന്ത്ര സഭ തന്നെ ബിജെപിക്ക് കൂറ് പ്രഖ്യാപിക്കുന്നത്. ഇതോടെ ബിജെപിക്ക് പരസ്യപിന്തുണ നൽകുന്ന കേരളത്തിലെ ആദ്യ ക്രൈസ്തവ വിഭാഗമായി ബിലീവേഴ്സ് ചർച്ച്.
2020 നവംബറിലാണ് ബിലീവേഴ്‌സ് ചർച്ചിൻ്റെ ആസ്ഥാനമായ തിരുവല്ലയിലെ വിവിധ ഓഫീസുകളിൽ ആദായനികുതി വിഭാഗം റെയ്ഡ് നടത്തിയത്. 18 കോടിയിലധികം രൂപയാണ് ദിവസങ്ങളോളം നീണ്ട റെയ്ഡിൽ കണ്ടെടുത്തത്. നിരോധിച്ച നോട്ടുകൾ ഉൾപ്പടെ പിടിച്ചെടുത്തു. ഇതിനെല്ലാം പുറമെ ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 50 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. മലയാളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ പലതും സഭയോടും സ്ഥാപനങ്ങളോടും അടുത്ത് നിൽക്കുന്നതിനാൽ അർഹിക്കുന്ന ഗൗരവത്തിൽ ഇതൊന്നും വാർത്തയായില്ലെന്ന് മാത്രം. ആറായിരം കോടിയുടെ കള്ളപ്പണ ഇടപാടാണ് കെ.പി.യോഹന്നാൻ്റെ പേരിലുള്ളതെന്ന് ആർഎസ്എസ് മുഖപത്രമായ ‘ദ ഓർഗനൈസർ’ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ സഭാധികാരിയെന്ന് അറിയപ്പെടുന്ന ബിലീവേഴ്സ് മേധാവി ബിഷപ്പ് കെ.പി.യോഹന്നാനാകട്ടെ ഈ നടപടികൾക്ക് ശേഷം ഏറെക്കാലം കേരളത്തിൽ തന്നെ ഇല്ലായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പലപ്പോഴായി വിദേശത്ത് നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന 6000 കോടിയോളം രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേക്ക് അടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് അന്നത്തെ റെയ്ഡിൽ പ്രാഥമികമായി കണ്ടെത്തിയത്. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിൻ്റെ (FCRA) ലംഘനം ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ബിലീവേഴ്‌സ് ചർച്ചിനെതിരെ ഏജൻസികൾ ചുമത്തിയിരുന്നത്. കെ.പി.യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ചും ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റും വിദേശസംഭാവനാ നിയന്ത്രണചട്ടങ്ങൾ ലംഘിച്ചു എന്നതിൻ്റെ പേരിൽ ഈ രണ്ട് സ്ഥാപനങ്ങളുടെയും FCRA ലൈസൻസ് 2017ൽ റദ്ദ് ചെയ്തിരുന്നു.
ബിലീവേഴ്‌സ് ചർച്ചിൻ്റെ ഉടമസ്ഥതയിലുള്ള മണിമല ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടുന്ന ഭൂമിയാണ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇങ്ങനെ നിരവധി വിഷയങ്ങളിൽ അടിമുടി കുരുങ്ങി നിൽക്കുന്ന ബിലീവേഴ്സ് പ്രസ്ഥാനം, ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കാതിരിക്കാൻ വഴിയില്ല എന്നതാണ് ഉയരുന്ന വിമർശനം. ഇതര ക്രൈസ്തവ വിഭാഗങ്ങൾക്കും രാഷ്ട്രിയ കക്ഷികൾക്കും ഇതേ നിലപാടാണ് ഉള്ളത്. തിങ്കളാഴ്ച പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണിയെ വിളിച്ചുവരുത്തി അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൽ തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here