കശ്മീരിൽ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന തുരങ്കം; ടണൽ തൊഴിലാളികളെ വധിച്ചതിന് പിന്നില്‍ ഇസഡ്-മോർ പദ്ധതി

ജമ്മു കശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണം ലക്ഷ്യമിട്ടത് ഇസഡ്-മോർ തുരങ്കപദ്ധതിയെ (Z-Morh project) ആണെന്ന് വ്യക്തമാകുന്നു. എഴു തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആക്രമണം, ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനെതിരെയുള്ള ആദ്യനീക്കമാണ്. ശ്രീനഗർ-സോനാമാർഗ് ഹൈവേയിലാണ് ഇസഡ്-മോർ തുരങ്കം നിർമ്മിക്കുന്നത്. ഇതിന് കരാറെടുത്തിരിക്കുന്ന കമ്പനിയായ എപിസിഒ (APCO) ഇൻഫ്രാടെക്കിൻ്റെ തൊഴിലാളി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. തിരഞ്ഞെടുപ്പ് കാരണം ഔദ്യോഗികമായി നാടിന് സമർപ്പിച്ചിട്ടില്ലെങ്കിലും ഈ വർഷം ഫെബ്രുവരിയിൽ ടണൽപാത ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്.

2020 ജൂലൈയിൽ ആരംഭിച്ച ഗഗൻഗീർ മേഖലകളിലെ ഇസഡ്-മോർ ടണൽ പദ്ധതി കേന്ദ്ര ഗവൺമെൻ്റിൻ്റെ തന്ത്രപ്രധാന നീക്കമായിട്ടാണ് കണക്കാക്കുന്നത്. ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ എന്ന സ്ഥലത്തെയും വിനോദ സഞ്ചാര കേന്ദ്രമായ സോനാമാർഗിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇത്. ആകെ ചെലവ് 2400 കോടി രൂപയാണ്. 6.4 കിലോമീറ്റർ നീളമുള്ള പാത സൈനിക – സിവിലിയൻ ആവശ്യങ്ങൾക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതാണ്. തുരങ്കം നിർമ്മിക്കുന്ന സ്ഥലത്തെ Z ആകൃതിയിലുള്ള റോഡാണ് ഇസഡ്-മോർ എന്ന പേര് ലഭിക്കാൻ കാരണം. കനത്ത മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും സാധ്യതയുള്ള പ്രദേശത്ത് 8,500 അടിയിലധികം ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്.

ശൈത്യകാലത്ത് സോനാമാർഗിലേക്കുള്ള റോഡ് ഗതാഗതയോഗ്യമല്ലാതാകും. ഈ സമയത്തെല്ലാം സോനാമാർഗ് സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കും. തൽഫലമായി തന്ത്രപ്രധാനമായ ലഡാക്ക്, ലേ, ദ്രാസ്, എന്നീ പ്രദേശങ്ങൾക്ക് മാസങ്ങളോളം പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടും. എന്നാൽ ഈ തുരങ്ക പദ്ധതി പൂർത്തിയാവുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. മാത്രമല്ല ഗഗൻഗീറിൽ നിന്ന് സോനാമാർഗിലേക്കുള്ള യാത്രാ സമയം വെറും അരമണിക്കൂറായി ചുരുങ്ങും. സൈനിക കേന്ദ്രങ്ങൾക്കും വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഈ ടണൽ സൈനികവും സാമ്പത്തികവുമായ നേട്ടം ഒരു പോലെ ഉറപ്പാക്കുകയും ചെയ്യും.

തുരങ്കത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം

ചൈനയുടേയും പാകിസ്താൻ്റെയും ഭീഷണി നേരിടുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ലഡാക്കില്‍ എല്ലാ കാലാവസ്ഥയിലും ഇന്ത്യന്‍ സൈന്യത്തിന് കണക്റ്റിവിറ്റി നിലനിർത്താനുള്ള നിർണായക പദ്ധതിയാണിത്. ലഡാക്കിൽ ചൈനയുടെ പ്രകോപനം വർധിക്കുന്ന സാഹചര്യത്തിൽ തുരങ്കത്തിൻ്റെ പ്രധാന്യം വളരെ വലുതാണ്. ചൈനയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കമുണ്ടായാൽ സൈന്യത്തിന് ഇസഡ്-മോർ ടണല്‍ വഴി വളരെ വേഗത്തിൽ എത്താനാകും. അതിനാല്‍ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് ഈ തുരങ്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top