തഹാവൂർ റാണ കൊച്ചിയിൽ എത്തിയത് എന്തിന്; മുംബൈ ആക്രമണത്തിന് തൊട്ടുമുമ്പുള്ള സന്ദർശനത്തിലെ ദൂരൂഹത നീക്കാന്‍ വഴിയൊരുങ്ങുന്നു
അമേരിക്കൻ സുപ്രിംകോടതി ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ട മുംബൈ ഭീകരാക്രമണ കേസ് പ്രതി ഡോ. തഹാവൂർ ഹുസൈൻ റാണ കേരളത്തിൽ എത്തിയത് എന്തിനാണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. 2008 നവംബർ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്. അതേ മാസം 16,17തീയതികളിലാണ് റാണ കൊച്ചിയിൽ എത്തിയത്. മറൈന്‍ ഡ്രൈവിലുള്ള താജ് റെസിഡന്‍സിയിൽ ഒറ്റ ദിവസം തങ്ങി, പിറ്റേന്ന് മടങ്ങുകയായിരുന്നു.
എമിഗ്രേഷന്‍ കണ്‍സള്‍ട്ടൻസി ബിസിനസ് ചെയ്യുന്നു എന്നാണ് റാണ അവകാശപ്പെടുന്നത്. ഇതേ കാര്യത്തിനാണ് കൊച്ചിയില്‍ എത്തിയത് എന്നാണ് അന്വേഷണ ഏജൻസികൾക്ക് ഇതുവരെ മൊഴി നൽകിയിട്ടുള്ളത്. വിദേശ റിക്രൂട്ട്മെൻ്റ് അറിയിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ പരസ്യം കൊടുത്ത ശേഷമായിരുന്നു വരവ്. ഫസ്റ്റ് വേള്‍ഡ് എമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് എന്നാണ് പത്രപരസ്യത്തിൽ സ്ഥാപനത്തിന്റെ പേര് കാണിച്ചിരുന്നത്. ഇത് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനാണ് എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിഗമനം.
വിദേശികളുടെ താമസം സംബന്ധിച്ച് താജ് ഹോട്ടല്‍ അധികൃതര്‍ പോലീസിന് കൈമാറിയ വിവരങ്ങളില്‍ നിന്നാണ് റാണ കേരളത്തിൽ എത്തിയ വിവരം സ്ഥിരീകരിച്ചത്. റാണ പാകിസ്താന് വംശജനാണെന്നും കാനഡിയില്‍ സ്ഥിരതാമസക്കാരൻ ആണെന്നുമാണ് ഹോട്ടലില്‍നിന്നും കൊടുത്ത സി-ഫോമില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മുംബൈ ഭീകരാക്രമണവും ഈ സന്ദർശനവുമായി എന്ത് ബന്ധമെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിയാതിരിക്കെയാണ് പ്രതിയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത്.
എൻഐഎ ആണ് കേസ് അന്വേഷിച്ചിരുന്നത്. റാണയെ കൂടാതെ ഡേവിഡ് ഹെഡ്ലി എന്ന് പേരുമാറ്റിയ ദാവൂദ് സെയ്ദ് ഗീലാനി, പാക്കിസ്ഥാനിലെ സൈനിക മേധാവിമാർ, തീവ്രവാദ സംഘടനകളുടെ തലവന്മാർ എന്നിവരടക്കം ഒൻപത് പേരെയാണ് എൻഐഎ പ്രതി ചേർത്തത്. നേരിട്ട് ആക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസബിനെ 2012 നവംബർ 21ന് തൂക്കിലേറ്റി. ഹെഡ്ലിയും റാണയും അമേരിക്കയിൽ മറ്റൊരു കേസിൽ പിടിയിലായെങ്കിലും ഇവിടേക്ക് വിട്ടുകിയിട്ടിയില്ല. പാക്കിസ്ഥാനിലുള്ള മറ്റ് പ്രതികളിൽ ആർക്കെതിരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ റാണയെ വിട്ടുകിട്ടുന്നത് ഇന്ത്യക്ക് നേട്ടമാകും. പാക്കിസ്ഥാനെതിരെയും അവരുടെ സംരക്ഷണയിലുള്ള മറ്റ് പ്രതികൾക്കെതിരെയും കൂടുതൽ തെളിവുകൾ കിട്ടാൻ വഴിയൊരുങ്ങും. പാക്കിസ്ഥാൻ്റെ തീവ്രവാദ ആഭിമുഖ്യം രാജ്യാന്തരതലത്തിൽ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും. ഇതിനെല്ലാം പുറമെ ഈ സംഘത്തിൻ്റെ കേരള ബന്ധം എന്താണ് എന്നതിലും വിവരം കിട്ടാൻ വഴിതെളിയും. കേരളത്തിൽ നിന്ന് തീവ്രവാദ റിക്രൂട്ടിങ്ങിന് ഇവർ ശ്രമിച്ചോ എന്നതിലും എൻഐഎക്ക് സംശയം ഉണ്ടായിരുന്നു. അതോ കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ എന്നും വ്യക്തമാകാനുണ്ട്. മുംബൈയിൽ എത്തിയത് പോലെ കടൽമാർഗം കടന്നുകയറാൻ പറ്റിയ പ്രദേശമാണ് കൊച്ചി എന്നതും പ്രധാനമാണ്.
2008 നവംബർ മാസത്തിൽ ഭീകരാക്രമണം നടന്ന മുംബൈയിലെ താജ് ഹോട്ടലിലും ഇയാൾ ഭാര്യയോടൊപ്പം നാല് ദിവസം താമസിച്ചിരുന്നു. തൻ്റെ ഇമിഗ്രേഷൻ കൺസൾട്ടൻസി ബിസിനസിൻ്റെ ഭാഗമായി കാനഡയിലേക്കും യുഎസിലേക്കും കുടിയേറാൻ ആഗ്രഹിക്കുന്ന ആളുകളെ ഇൻ്റർവ്യൂ ചെയ്യുന്നതിന് വേണ്ടിയാണ് ഭാര്യയ്ക്കൊപ്പം ഇന്ത്യ സന്ദർശിച്ചതെന്നാണ് 2009 ഒക്ടോബറില്‍ അമേരിക്കയില്‍ പിടിയിലായ റാണയുടെ അവകാശവാദം.
പാകിസ്ഥാനി വംശജനും കനേഡിയൻ ബിസിനസുകാരനുമായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസ് ജയിലിലാണ്. പാകിസ്ഥാനിലെ സൈനിക ഡോക്ടര്‍ ആയിരുന്ന ഇയാള്‍ പിന്നീട് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
ഇയാളും യുഎസ് ഭീകരൻ ഡേവിഡ് ഹെഡ്ലിയും (ദാവൂദ് ഗിലാനി) പാക് ഭീകര സംഘടനകൾക്കൊപ്പം ചേർന്ന് മുംബൈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഡെൻമാർക്കിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്കർ ഭീകരർക്ക് സഹായം നൽകിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ൽ ഷിക്കാഗോ കോടതി 14 വർഷം തടവിന് വിധിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാൽ ആ കേസിൽ ഇയാൾക്ക് അമേരിക്കൻ കോടതി ശിക്ഷ നൽകിയിട്ടില്ല.
2020 ജൂണിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യുഎസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ് (താജ് ഹോട്ടൽ), ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന് പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here