സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന് വാട്സ്ആപ്പ്; ലോകത്തില്ലാത്ത ചട്ടങ്ങളാണ് ഇവിടെയെന്ന് കമ്പനി കോടതിയില്‍

ഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് വാട്സ്ആപ്പ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി 2021ലെ ഐടി നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നടന്ന വാദത്തിനിടെയാണ് ഈ ‘ഭീഷണി’. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന കേന്ദ്രനിയമത്തിലെ ചട്ടങ്ങള്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.

ഉപയോക്താക്കള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ സുരക്ഷിതമാക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നീക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ വിടുമെന്നാണ് കമ്പനിയുടെ വാദം. അയക്കുന്ന സന്ദേശങ്ങളിൽ മൂന്നാമതൊരാള്‍ക്ക് കൈകടത്താന്‍ പറ്റാത്ത സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉള്ളടക്കവും ഉറവിടവും ചട്ടങ്ങളിലൂടെ വെളിപ്പെടുത്തണമെന്നത് മൗലികാവകാശത്തിന് എതിരാണ് എന്നും വാട്സ്ആപ്പിനുവേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍ സിങ് വാദിച്ചു.

ഇതരരാജ്യങ്ങളില്‍ സമാനതരത്തിലുള്ള നിയമങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന് കോടതി ഇതിനിടെ ചോദിച്ചു. ലോകത്തൊരിടത്തും, ബ്രസീലില്‍ പോലും ഇത്തരം ചട്ടങ്ങളില്ലെന്നായിരുന്നു വാട്സ്ആപ്പിന്‍റെ മറുപടി. ഏത് സന്ദേശത്തിന്‍റെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കോടിക്കണക്കിന് സന്ദേശങ്ങള്‍ വര്‍ഷങ്ങളോളം സൂക്ഷിക്കേണ്ടി വരും.

രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചാല്‍ അത് കണ്ടെത്തുക തന്നെ ചെയ്യണം. എന്നാല്‍ അതിനായി സ്വകാര്യത ലംഘിക്കപ്പെടുന്നത് കമ്പനിയുടെ പോളിസിക്കെതിരാണെന്നും കോടതിയില്‍ വ്യക്തമാക്കി. രാജ്യത്ത് തർക്ക പരിഹാര അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ഇന്ത്യയിലെ ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ വാട്സ്ആപ്പ് ഇതിനോടകം ലംഘിച്ചുവെന്ന് എതിര്‍കക്ഷിയായ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കോടതിയില്‍ വാദിച്ചു. കേസ് ഓഗസ്റ്റ്‌ 14ലിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top