വീല്‍ചെയര്‍ ലഭിച്ചില്ല, വിമാനത്തില്‍ നിന്നിറങ്ങി നടന്ന വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം മുംബൈയില്‍
മുംബൈ: വിമാനത്താവളത്തിൽ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് നടന്ന് അവശനായ 80 വയസുകാരൻ കുഴഞ്ഞുവീണു മരിച്ചു. ഭാര്യയോടൊപ്പം ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്നിറങ്ങി ഇമിഗ്രേഷൻ കൗണ്ടറിലേക്ക് ഒന്നര കിലോമീറ്ററോളം നടക്കുകയായിരുന്നു. വീൽചെയറിനായി ബുക്ക് ചെയ്തിരുന്നെങ്കിലും ഭാര്യക്ക് മാത്രമാണ് വീൽചെയർ ലഭിച്ചത്. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഞായറാഴ്ചയാണ് ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ കയറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈ എയർപോർട്ടിൽ ലാൻഡ് ചെയ്തു. പ്രായാധിക്യം മൂലം നടക്കാൻ പ്രയാസപ്പെട്ട ഇരുവരും വീൽചെയറിനായി നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. വീൽചെയർ സൗകര്യം മുംബൈ എയർപോർട്ടിൽ കുറവായതിനാൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. വീൽചെയർ ലഭിച്ച ഭാര്യയോടൊപ്പം നടക്കാമെന്ന് പറഞ്ഞ ഭര്‍ത്താവ് ഇമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ദമ്പതികൾ സഞ്ചരിച്ച എയർഇന്ത്യ എഐ- 116 വിമാനത്തിൽ 32 പേരാണ് വീൽചെയർ സൗകര്യം ആവശ്യപ്പെട്ടത്. എന്നാൽ 15 എണ്ണം മാത്രമാണ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നതെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത പല യാത്രക്കാരും വീൽചെയർ ആവശ്യപ്പെടാറുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് എയർ ഇന്ത്യ ഉൾപ്പെടെയുള്ള പല വിമാനകമ്പനികളും വീൽചെയറിനു നിരക്ക് ഈടാക്കി. മെഡിക്കൽ സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രം വീൽചെയർ സൗജന്യമായി നൽകിയിരുന്നു. എന്നാൽ ഈ നിയമം പിന്നീട് റദ്ദാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here