ഗവർണർ എത്തുമ്പോൾ ഇടുക്കിയിൽ ഹർത്താൽ; ഇടത് പ്രതിഷേധം ക്രമസമാധാന പ്രശ്നമാകുമെന്ന് ആശങ്ക; നിരോധനാജ്ഞക്ക് സാധ്യത

തിരുവനന്തപുരം: ഇടുക്കിയിലെ മലയോര കർഷകരുടെ പ്രശ്നം ഉയർത്തിക്കാട്ടി വരുന്ന ചൊവ്വാഴ്ച ഇടതുപക്ഷം രാജ്ഭവൻ മാർച്ച് നടത്തുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്. ഇതോടെ അന്നുതന്നെ ഇടുക്കിയിൽ ഹർത്താൽ ആചരിച്ച് തിരിച്ചടിക്കാൻ എൽഡിഎഫിൻ്റെ തീരുമാനം. ജനുവരി ഒൻപതിന്, ഒരേസമയം തിരുവനന്തപുരവും ഇടുക്കിയും ഗവർണർക്കെതിരായ പ്രതിഷേധത്തിൻ്റെ വേദിയാകുകയാണ്. ഗവർണറുടെ സന്ദർശനം നടക്കുന്ന തൊടുപുഴയിൽ കനത്ത സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരെയാണ് രാജ്ഭവൻ മാർച്ച് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പരിപാടി ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം സ്വീകരിച്ച് തൊടുപുഴയിലെത്താൻ ഗവർണർ തീരുമാനിക്കുന്നത്. പ്രത്യക്ഷത്തിൽ ഇതൊരു വെല്ലുവിളിയായി കണ്ടാണ് എൽഡിഎഫിൻ്റെ ഏറ്റവും പുതിയ നീക്കം. ഇന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഹർത്താലിനിടെയുള്ള ഗവർണറുടെ സന്ദർശനം പോലീസിന് കടുത്ത പരീക്ഷണമാകുമെന്ന് ഉറപ്പായി. പ്രതിഷേധ പരിപാടികളുടെ വിശദാംശങ്ങൾ എൽഡിഎഫ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗവർണറെ ക്ഷണിച്ചുവരുത്തുന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയോടുള്ള പ്രതിഷേധം ഹർത്താൽ പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രസ്താവനയിൽ ഉണ്ടായിരുന്നു. ഉദ്ഘാടനവേദിയായ തൊടുപുഴയിലേക്ക് ഹൈറേഞ്ചിൽ നിന്ന് പ്രതിഷേധക്കാർ എത്തുമെന്ന് ഉറപ്പാണ്. അത് കണക്കിലെടുക്കുമ്പോൾ വൻ സുരക്ഷ ഒരുക്കേണ്ടി വരും. പ്രധാന നേതാക്കൾ രാജ്ഭവൻ മാർച്ചിനായി തലസ്ഥാനത്തേക്ക് വണ്ടികയറിയാൽ പ്രവർത്തകരെ നിയന്ത്രിക്കാൻ ആരുണ്ടാകും എന്നത് വലിയ പ്രശ്നമാണ്. ഇതും കണക്കിലെടുത്താണ് സാധാരണ നിലയിലുള്ള സുരക്ഷ മതിയോ എന്ന ചോദ്യത്തിലേക്ക് പോലീസ് എത്തുന്നത്. നിരോധനാജ്ഞയുടെ സാധ്യത പരിഗണിക്കുന്നതും ഈ സാഹചര്യത്തിലാണ്.

നിശ്ചയിച്ച പരിപാടിയിൽ മാറ്റമില്ലെന്നും ചൊവ്വാഴ്ച ഗവർണർ തൊടുപുഴയിൽ എത്തുമെന്നും രാജ്ഭവൻ വൃത്തങ്ങൾ പ്രതികരിച്ചു. ഗവർണർ എത്തിയാൽ പരിപാടി നടക്കുമെന്നും ഹർത്താൽ പ്രശ്നമല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top