മുസ്ലിം വോട്ടുകൾ എവിടെപ്പോയി?; തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ ഞെട്ടി ഒവൈസി; ബിആർഎസിൻ്റെ കണക്കുകൂട്ടൽ തെറ്റിയത് എവിടെ?

ഹൈദരാബാദ്: തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിനെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരം പിടിച്ചതിൽ നിർണായകമായത് ന്യൂനപക്ഷ വോട്ടുകൾ. ഹാട്രിക് വിജയം ലക്ഷ്യമിട്ട ബിആർസിനേക്കാൾ ഫലം ഞെട്ടലുണ്ടാക്കിയിരിക്കുന്നത് ന്യൂനപക്ഷ പാർട്ടിയായ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമിനാണ് (എഐഎംഐഎം). കഴിഞ്ഞ തവണ എഴ് സീറ്റുകൾ നേടിയ പാർട്ടി 6 സീറ്റുകളിലാണ് ഇത്തവണ വിജയിച്ചത്. മൂന്ന് സിറ്റിംഗ് സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥത്തിൽ എഐഎംഐഎമ്മിനും തിരിച്ചടിയായിരിക്കുകയാണ്. 9 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ ഏഴും ഹൈദരാബാദ് മേഖലയിലാണ്.

40 ലക്ഷത്തോളം മുസ്ലിം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ആകെയുള്ള 119 മണ്ഡലങ്ങിൽ 45 സീറ്റുകളില്‍ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുമായി വളരെ അടുപ്പമുള്ള ഒവൈസി എഐഎംഐഎം മത്സരിക്കാത്ത സ്ഥലങ്ങളിൽ ബിആർഎസിന് വോട്ട് ചെയ്യാൻ ആഹ്വാനവും നടത്തിയിരുന്നു. 2014-ലും 2019-ലും പാർട്ടി മത്സരിക്കാത്ത സ്ഥലങ്ങളിൽ ടിആർഎസിനായിരുന്നു (ഇന്നത്തെ ബിആർഎസ്) ഒവൈസിയുടെ പിന്തുണ. തെലങ്കാനയിലെ മൊത്തം ജനസംഖ്യയുടെ 13 ശതമാനമുള്ള വോട്ടുകൾ ഉറപ്പിക്കുക വഴിയായിരുന്നു കഴിഞ്ഞ രണ്ട് തവണയും ബിആർഎസ് അനായാസമായി അധികാരത്തിലേക്ക് നടന്നുകയറിയത്.

ഹൈദരാബാദ് നഗരം ഉൾക്കൊള്ളുന്ന എഐഎംഐഎമ്മിൻ്റെ ശക്തികേന്ദ്രമായ മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ഉള്‍പ്പെടെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റിയത്. ഇത്തവണ തെലങ്കാനയിൽ പ്രചാരണത്തിനിടെ കോൺഗ്രസും ഒവൈസിയും തമ്മിൽ പരസ്പരം വെല്ലുവിളിച്ചിരുന്നു. പൊതുയോഗങ്ങളിൽ കോൺഗ്രസ് നേതാക്കളും ഒവൈസിയും തമ്മിലുള്ള തർക്കങ്ങൾ പ്രചരണത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. എഐഎംഐഎം മത്സരിക്കാത്ത സ്ഥലങ്ങളിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളെ തുണയ്ക്കുമെന്ന ബിആർഎസിൻ്റെ കണക്കുകൂട്ടലാണ് ഇക്കുറി തെറ്റിയിരിക്കുന്നത്.

നിലവിൽ 119 മണ്ഡലങ്ങളിലെ ഫലം വന്നതിൽ 64 സീറ്റുകളിൽ കോൺഗ്രസും 39 മണ്ഡലങ്ങളിൽ ബിആർഎസും വിജയിച്ചു. എട്ടിടത്ത് ബിജെപിക്കും രണ്ടിടത്ത് സ്വതന്ത്രർക്കും ഇത്തവണ വിജയിക്കാനായി. തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോൺഗ്രസ് അധികാരത്തിലെത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top