“വര്‍ഗീസിന് എവിടെ നിന്നാണ് ഇത്രേം കാശ്”; സിപിഎം ജില്ലാ സെക്രട്ടറിയെ കോടതി കയറ്റുമെന്ന് മറിയക്കുട്ടി

അടിമാലി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ഇന്ന് വർഗീസ് മറിയക്കുട്ടിയെ യുഡിഎഫിൻ്റെയും ബിജെപിയുടേയും അധപതനമെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. വർഗീസിന് ക്വാറിയുണ്ട്, ബസുണ്ട് ഇതിനുള്ള പണം എങ്ങനെയുണ്ടായി എന്നാണ് മറിയക്കുട്ടിയുടെ ചോദ്യം. വർഗീസ് ഇതുവരെ എംഎൽഎ ആയിട്ടില്ല, മന്ത്രി ആയിട്ടില്ല പിന്നെ എങ്ങനെ ഈ ആസ്തികൾ ഉണ്ടായി. വർഗീസിനെതിരെ കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

“വർഗീസേ നിൻ്റെ പാർട്ടി കാരണമാണ് ഞാൻ ഭിക്ഷ ചട്ടിയുമായി ഇറങ്ങിയത്. എനിക്ക് പെൻഷൻ കിട്ടിയില്ല. എനിക്ക് അരി കിട്ടിയില്ല. ഞാൻ കൊടി പിടിക്കാത്തത് കൊണ്ടാണോ? ഞാൻ ബക്കറ്റുമായി ഇറങ്ങിയിട്ടില്ല. നിൻ്റെ പാർട്ടിക്ക് എംഎൽഎമാർ ഉണ്ടായിരുന്നു. എംപിമാർ ഉണ്ടായിരുന്നു. നിനക്ക് മറിയക്കുട്ടി ആരാണെന്ന് അറിയുമോ. നിനക്കെതിരെ കോടതിയിൽ കടലാസ് കൊടുക്കും. രണ്ടുമാസം മുമ്പ് ഞാൻ ആർഎസ്എസിൽ ആയിരുന്നു. പിന്നെ മുസ്ലിം ലീഗിൽ പോയി. അതു കഴിഞ്ഞ് ബിജെപിയിലായി. പിന്നെ കോൺഗ്രസിലായി. എനിക്ക് എവിടെയെങ്കിലും പോകണമെങ്കിൽ ആരോടും ചോദിക്കേണ്ട കാര്യമായില്ല ഈ അടവൊന്നും മറിയക്കുട്ടിയുടെ അടുത്ത് ചിലവാകില്ല. ഞാൻ എൻ്റെ പാർട്ടി വിട്ടു പോയിട്ടില്ല. ഞാൻ കോൺഗ്രസിൽ തന്നെയാണ്.” – മറിയക്കുട്ടി പറഞ്ഞു

ഡീൻ കുര്യാക്കോസ് കാര്യം അറിഞ്ഞപ്പോൾ ഓടിയെത്തി. ആറുമാസത്തെ പെൻഷൻ തുക നൽകി. ഡീനിനെ കുറ്റം പറയാൻ വർഗീസിന് എന്ത് യോഗ്യതയാണുള്ളതെന്നും മറിയക്കുട്ടി ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലാണ് പിഞ്ചു പെൺകുട്ടിയെ കൊന്നു കെട്ടിത്തൂക്കിയത്. വർഗീസും അവിടെ ഉണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടുവെന്നും മറിയക്കുട്ടി ആരോപിച്ചു.

മറിയക്കുട്ടിയെ എന്തിന് ഭയപ്പെടണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിൻ്റെ പ്രതികരണം.” ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെക്കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നത് പോലുമില്ല” – എന്നായിരുന്നു ഇന്ന് വർഗീസ് പറഞ്ഞത്. രാവിലെ ബിജെപിയും ഉച്ചകഴിഞ്ഞാൽ കോൺഗ്രസും എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വർഗീസ് ഇന്ന് പറഞ്ഞിരുന്നു.

Logo
X
Top