കളമശേരിയിലെ IED ബോംബ് എന്താണ്? കേരളത്തിൽ മുൻപും പലവട്ടം IED പ്രയോഗം; പ്രധാന കേസുകൾ ഇവയാണ്

കൊച്ചി: കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെൻ്ററിൽ ഐഇഡിയാണ് (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ) സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. ചെറിയ തീവ്രവാദ സംഘടനകളും അക്രമി സംഘങ്ങളും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണ് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ). അമോണിയം നൈട്രേറ്റ് പോലുള്ള എളുപ്പം ലഭ്യമാകുന്ന രാസവസ്തുക്കൾ ഉപയോഗിച്ച് തദ്ദേശീയമായിട്ടാണ് ഇത്തരം സ്‌ഫോടക വസ്തുക്കളുണ്ടാക്കുന്നത്. ഇതിൻ്റെ തീവ്രത കൂട്ടാനോ കുറയ്ക്കാനോ ബോംബ് നിർമ്മിക്കുന്ന വ്യക്തിക്ക് കഴിയും. കളമശേരിയിൽ ഉപയോഗിച്ചത് തീവ്രത കുറഞ്ഞ ഐഇഡി മാത്രമായത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. മുമ്പും എറണാകുളത്ത് ഐഇഡി ഉപയോഗിച്ച് സ്ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ട്.

കളമശേരിയിലേത് ബോംബ് സ്‌ഫോടനമാണെന്ന് വ്യക്തമായതോടെ എറണാകുളം ജില്ലയിലും സമീപ പ്രദേശങ്ങളിലും ഇതിനു മുമ്പ് നടന്ന ഇത്തരം സംഭവങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരിലേക്കും അന്വേഷണം നീളുമെന്നാണ് പോലീസ് മേധാവി അറിയിച്ചത്. ഇതിന് മുമ്പ് കാക്കനാട്‌ സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കളക്‌ട്രേറ്റിലാണ് സമാന രീതിയില്‍ സ്‌ഫോടനം നടന്നത്. 2009 ജൂലൈ 10ന് പട്ടാപ്പകല്‍ കളക്ട്രേറ്റിലെ അഞ്ചാം നിലയിലാണ് ഉഗ്രശബ്ദത്തോടെ ടൈമര്‍ ഘടിപ്പിച്ച പൈപ്പ് ബോംബ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പോലീസിനൊപ്പം കേന്ദ്ര എജൻസികൾക്കൊപ്പം സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം, സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവരെല്ലാം ചേര്‍ന്ന് പഴുതടച്ച അന്വേഷണം അന്വേഷണം നടത്തി എന്നവകാശപ്പെടുമ്പോഴും യഥാർത്ഥ പ്രതികളെ പിടികൂടാനായില്ല.

ഈ കാലയളവില്‍ തന്നെ കളക്ട്രേറ്റിൽ നിന്നും അധികം ദൂരമില്ലാത്ത കാക്കനാട്ടെ അയ്യപ്പ അന്നദാനകേന്ദ്രത്തിനോട് ചേര്‍ന്നും അര്‍ധരാത്രിയില്‍ സമാനമായി സ്‌ഫോടനം നടന്നിരുന്നു. രണ്ടിലും അന്വേഷണം മുന്നോട്ട് പോയില്ല. തീവ്രവാദികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും രണ്ടു സ്‌ഫോടനങ്ങളും ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ ഉപയോഗിച്ച ടൈം ബോംബുകളുമായി സാമ്യമുള്ളതായിരുന്നുവെന്ന് കണ്ടെത്തി. എട്ടുമാസത്തെ കാലപ്പഴക്കമുള്ള അമോണിയം ചേര്‍ത്ത് നിര്‍മ്മിച്ചതിനാല്‍ ഭീകരര്‍ പ്രതീക്ഷിച്ചത്ര ഭീകരത കളക്ട്രേറ്റിലെ സ്‌ഫോടനത്തിന് ഉണ്ടായില്ല എന്നാണ് വിദഗ്‌ധാഭിപ്രായം. അതിനാൽ തന്നെ വലിയ അപകടം ഒഴിവാകുകയായിരുന്നു.ഉഗ്ര ശബ്ദത്തോടെ നടന്ന സ്ഫോടനത്തില്‍ ഒരു ജീവനക്കാരന് പരുക്കേറ്റിരുന്നു.

2010 ലെ കേരള പിറവി ദിവസം മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിനടിയില്‍ പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ചിരുന്ന ടൈം ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതും ഐഇഡി ഉപയോഗിച്ച് കേരളത്തിൽ നടന്ന സ്ഫോടനത്തിന് ഉദാഹരണമാണ്. സംഭവ സ്ഥലത്ത് നിന്നും ഒസാമ ബിന്‍ ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും കണ്ടെത്തി. ലഘുലേഖകളില്‍ എന്താണെന്ന് ഇതുവരെ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല. വാഹന പരിസരത്ത് നിന്ന് ‘ദി ബെയ്‌സ് മൂവ്‌മെന്റ്’ എന്ന ഒരു പെട്ടിയും കണ്ടെത്തിയിരുന്നു.

2016 ജൂലൈ മാസം കൊല്ലം കളക്ട്രേറ്റ് വളപ്പില്‍ നടന്ന സ്‌ഫോടനവും ഐഇഡി ഉപയോഗിച്ച് ആസൂത്രണം ചെയ്തതാണ്. സ്ഫോടന ശേഷം സംഭവസ്ഥലത്ത് നിന്ന് ഏഴ് ബാറ്ററികളും 14 ഫ്യൂസുകളും പോലീസ് കണ്ടെത്തി. സ്ഫോടനം നടത്തിയത് ടൈമര്‍ ഉപയോഗിച്ചാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top