വീണ്ടും ഒരു യുദ്ധകാലം; ലോക സമാധാനത്തിന് പ്രഖ്യാപിച്ച 2 കോടി എവിടെ? മിണ്ടാട്ടമില്ലാതെ ബാലഗോപാല്‍

ആര്‍.രാഹുല്‍

തിരുവനന്തപുരം: ലോകം വീണ്ടുമൊരു യുദ്ധത്തിൻ്റെ കെടുതി നേരിടുകയാണ്. ഈ സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ലോക സമാധാനത്തിന് പ്രഖ്യാപിച്ച രണ്ട് കോടി രൂപ എവിടെ എന്നത് വീണ്ടും ചർച്ചയാവുകയാണ്. റഷ്യ -യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ ആയിരുന്നു 2022-23 ബജറ്റിൽ തുക വകയിരുത്തിയത്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനം സർക്കാർ നടത്തിയിട്ടില്ലെന്ന് മാധ്യമ സിൻഡിക്കറ്റ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

ലോകമെമ്പാടുമുള്ള സമാധാന പ്രവർത്തകരെയും ചിന്തകരെയും സംഘടിപ്പിച്ചുകൊണ്ട് ഓൺലൈൻ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ നീങ്ങുന്ന മുറയ്‌ക്ക് പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ആണവ നിരായുധീകരണത്തിനും സമാധാനത്തിനുമായുള്ള ലോകസമാധാന സമ്മേളനം വിളിച്ചു ചേർക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ലോക സമാധാനത്തിന് വേണ്ടിയുള്ള കരുതൽ എന്ന് വിശേഷിപ്പിച്ച് ഭരണകക്ഷി അംഗങ്ങൾ ധനമന്ത്രിയുടെ പ്രഖ്യാപനത്തെ വാഴ്ത്തിപ്പാടി. കേരള നിയമസഭ ഇതുവരെ കേട്ടിട്ടില്ലാത്ത ആ വിചിത്ര പ്രഖ്യാപനം പിന്നീട് പല ചർച്ചകൾക്കും വഴി തുറന്നു.

എന്നാൽ പ്രഖ്യാപനം നടന്ന് ഒന്നര വർഷങ്ങൾക്ക് ശേഷം മറ്റൊരു യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ലോക സമാധാനത്തിന് വേണ്ടിയുള്ള കരുതലിന് എന്ത് സംഭവിച്ചെന്ന് മാധ്യമ സിൻഡിക്കറ്റ് അനേഷിച്ചത്. എന്നാൽ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തരാൻ ധനമന്ത്രിയുടെ ഓഫീസിന് കഴിയുന്നില്ല. ലോകസമാധാനത്തിനായി ഒന്നര വർഷത്തിനിടയിൽ എന്തെല്ലാം പ്രവർത്തനങ്ങൾ നടത്തി,​ ഏതൊക്കെ പ്രമുഖർ പങ്കെടുത്തു,​ ഓരോ പരിപാടിക്കും ചെലവായ തുകയെത്ര,​ എത്ര പരിപാടികൾ സംഘടിപ്പിച്ചു എന്ന ചോദ്യങ്ങൾക്ക് അങ്ങനെ തുക അനുവദിച്ചിട്ടില്ല എന്നാണ് ലഭിച്ച ഉത്തരം. എന്തുകൊണ്ടാണ് തുക ഇതുവരെ അനുവദിക്കാത്തതെന്നും ഇനിയും അനുവദിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് ധനവകുപ്പ് ചെയ്തത്.

Logo
X
Top