‘ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് ഇമാമിന് മൻമോഹൻ ഉറപ്പു നൽകി’; ഫയല്‍ എവിടെയെന്ന് ഹൈക്കോടതി
മുഗൾ ഭരണകലത്ത് നിർമിച്ച ഡൽഹി ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ തീരുമാനമടങ്ങിയ ഫയൽ കോടതി മുമ്പാകെ ഹാജരാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. രേഖകള്‍ ഇന്ന് സമര്‍പ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് പ്രതിബ എം സിംഗ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. കേസ് അടുത്ത തവണ പരിഗണിമ്പോൾ രേഖകൾ ഹാജരാക്കണമെന്ന് ഡൽഹി ഹൈക്കോടതി അന്ത്യശാസനം നൽകി.
ജുമാ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനും അതിനു ചുറ്റുമുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിവാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. എന്താണ് പള്ളി എഎസ്ഐയുടെ കീഴിൽ വരാത്തത് എന്ന ചോദ്യവും 2014ൽ സമർപ്പിച്ച ഹർജിയിൽ ഉയർത്തുന്നുണ്ട്. ജുമാ മസ്ജിദ് ആളുകൾ ഇപ്പോഴും പ്രാർത്ഥന നടത്തുന്ന സ്മാരകമാണെന്നും അതിനാൽ ഏറ്റെടുക്കുന്നതിൽ ചില തടസങ്ങളുണ്ടെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഡൽഹി ഇമാമായ മൗലാന സയ്യിദ് അഹമ്മദ് ബുഖാരിക്ക് (ഷാഹി ഇമാം) ഉറപ്പ് നൽകിയിരുന്നതായി എഎസ്ഐ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ സംരക്ഷിത സ്മാരമായി പ്രഖ്യാപിക്കാത്തതിനാൽ അത് വകുപ്പിൻ്റെ പരിധിയിൽ വരുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു. സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് ഇമാമിന് ഉറപ്പു നൽകിയെന്ന് 2004 ആഗസ്റ്റ് 20ന് മുന്‍ പ്രധാനമന്ത്രി നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു എന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോടതിയില്‍ അവകാശപ്പെട്ടിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here