ക്ഷേത്രമാണെങ്കിലും ദർഗയാണെങ്കിലും പൊളിച്ചുമാറ്റണം; മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കെന്ന് സുപ്രീം കോടതി

റോഡുകൾ, ജലാശയങ്ങൾ, നടപ്പാതകൾ, റെയിൽവേ ഭൂമികൾ എന്നിവ കയ്യേറിയുള്ള മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കാണെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടം ഇടിച്ചുനിരത്തുന്നതിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മത വിശ്വാസങ്ങൾ പരിഗണിക്കാതെ തന്നെ എല്ലാ പൗരന്മാർക്കും ഒരേപോലെ നീതി ലഭിക്കേണമെന്നും കോടതി ആവശ്യപ്പെട്ടു. കയ്യേറി നിർമിച്ച ക്ഷേത്രമായാലും ദർഗയായാലും അത് നീക്കം ചെയ്യണം. പൊതു സുരക്ഷയാണ് പരമപ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നടപടികൾക്ക് എതിരെയാണ് ഹർജി സമർപ്പിച്ചിരുന്നത്. ബലാത്സംഗം, തീവ്രവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാവുന്നവരുടെ വീടുകളാണ് പൊളിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ മുൻകൂർ അറിയിപ്പ് നൽകാതെ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ല. തപാൽ മാർഗം നോട്ടീസ് നൽകുന്നതിൻ്റെയടക്കം ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിമിനൽക്കേസ് പ്രതികളുടെ വീടുകൾ ബുൾഡോസറുപയോഗിച്ച് തകർക്കുന്ന സംഭവങ്ങൾക്കെതിരെ ഈ മാസം രണ്ടിനും രണ്ടംഗ ബെഞ്ച് രൂക്ഷമായി വിമർശനം നടത്തിയിരുന്നു. ഒരാൾ പ്രതിയോ കുറ്റവാളിയോ ആണെന്നുള്ള കാരണത്താൽ അയാളുടെ വീട് പൊളിച്ചുകളയുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിനായി രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാർഗരേഖയുണ്ടാക്കുമെന്ന് ബെഞ്ച് നേരത്തെ അറിയിരുന്നു.ഇക്കാര്യത്തിൽ തീരുമാനമറിയിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ​ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചും ഇത്തരം നടപടിക്കെതിരെ സെപ്റ്റംബർ 12ന് രംഗത്തെത്തിയിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ വസ്തുവകകൾ പൊളിക്കുന്നതിൽ അർത്ഥമില്ലെന്നും ഇത്തരം നടപടികൾ ഉണ്ടായാൽ അത് നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുൾഡോസർ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം അനുമതിയില്ലാതെ രാജ്യത്ത് ഇനി ബുൾഡോസർ രാജ് നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഈ മാസം 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി അറിയിച്ചിരുന്നു. ഉത്തരവ് മറികടന്ന് ബുള്‍ഡോസർ നടപടി തുടർന്ന അസം സർക്കാരിനെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ബംഗ്ലാദേശികൾ എന്നാരോപിച്ചു കൊണ്ടാണ് ബുൾഡോസർ നടപടി അസം സർക്കാര്‍ നടപ്പാക്കുന്നത് എന്നതാണ് ആരോപണം. ഹർജികൾ തീർപ്പാക്കുംവരെ നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അസം അഡ്വക്കേറ്റ് ജനറൽ ഗുവാഹത്തി ഹൈക്കാടതിയിൽ പറഞ്ഞിരുന്നു. ഇത് നടപ്പായില്ലെന്ന് ചൂടിക്കാട്ടി അസം സ്വദേശികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കാംരൂപ് ജില്ലയിലെ കചുടോലി പതർ ഗ്രാമത്തിനും പരിസരത്തുമുള്ള 47 വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിലാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top